കഴിഞ്ഞ ദിവസങ്ങളില്‍ ചൈന നടത്തിയ ആക്രമണങ്ങളും അതിക്രമങ്ങളും ഇന്ത്യയെ ഗുരുതരമായ ആശയ കുഴപ്പത്തില്‍ ആക്കിയിരിക്കുന്നു. ഓഗസ്റ്റ് ആറിന് രണ്ട് ചൈനീസ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് അരുണാചല്‍ പ്രദേശിലും സിക്കിമിലും പ്രവേശിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ആദ്യത്തെ ഇത്തരം അതിക്രമം ആയിരുന്നു അത്. ഇത് നടന്നത് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കു ന്നതിനായുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ആരംഭിക്കുന്നതിന്റെ തലേ ദിവസം ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ചര്‍ച്ചകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പാക്കുന്നതിനുള്ള ചൈനീസ് തന്ത്രമായിരുന്നു അത്. ഇതിനു തൊട്ടു പിന്നാലെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും 40 കിലോമീറ്ററോളം അകത്തേയ്ക്ക് ചൈനീസ് പട്ടാളം കയറി ചെന്നു. ഈ മാസം ആദ്യ വാരം ചൈനീസ് കുതിര പട്ടാളം ഉത്തര്ഖണ്ഡില് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകത്തേയ്ക്ക് പ്രവേശിച്ചു. ഇതിനു പുറമെ അസംഖ്യം തവണ ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും ചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷം നിയന്ത്രണാ തീതമായതോടെ ഇന്ത്യന്‍ അധികൃതര്‍ അടിയന്തിരമായി വ്യാഴാഴ്ച്ച യോഗം ചേരുന്നുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന് വിളിച്ചു കൂട്ടിയ യോഗത്തില്‍ ചൈനാ സ്റ്റഡി ഗ്രൂപ്പും, കാബിനറ്റ് സെക്രട്ടറിയും, പ്രതിരോധ, ആഭ്യന്തര, വിദേശ മന്ത്രാലയ സെക്രട്ടറിമാരും പങ്കെടുക്കും. സൈനിക മേധാവികളുടെയും ഇന്റലിജന്‍സ് മേധാവികളുടെയും അഭിപ്രായവും കൂടി ആരാഞ്ഞാവും ചൈനീസ് ഭീഷണി നേരിടുന്നതിന് ആവശ്യമായ തന്ത്രങ്ങള്‍ ഇന്ത്യ രൂപീകരിക്കുക.