പന്നി പനി മരണങ്ങള്‍ ഔദ്യോഗികമായി തന്നെ സ്ഥിരീകരിക്കപ്പെട്ടു കൊണ്ടിരിക്കവെ യു.എ.ഇ. യിലെ പല വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങളും കര്‍ശനമായ ആരോഗ്യ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഷാര്‍ജയിലെ ഒരു വിദ്യാലയത്തില്‍ എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഫ്ലൂ ബാധിച്ചതിനെ തുടര്‍ന്ന് വിദ്യാലയം അടച്ചിട്ടു. പനി, ചുമ, ജലദോഷം എന്നീ ലക്ഷണങ്ങള്‍ കുട്ടികള്‍ കാണിക്കുന്നത് സാധാരണ സംഭവമാണ് എന്ന് സ്ക്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. പല വിദ്യാലയങ്ങളിലും, ക്ലാസ്സില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഇവരെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറ്റി പ്രത്യേക മുറിയിലേക്ക് അയയ്ക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ മാതാ പിതാക്കളെ ഉടന്‍ തന്നെ വിവരം അറിയിച്ച് എത്രയും വേഗം ഇവരെ വീട്ടിലേക്ക് തിരിച്ചയക്കാനും അധികൃതര്‍ നടപടി എടുക്കും. അഞ്ചു ദിവസത്തിനു ശേഷം പനി ഭേദമായാല്‍ മാത്രമേ ഇവരെ വീണ്ടും സ്ക്കൂളില്‍ പ്രവേശിപ്പിക്കൂ.
പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ മുഖം മൂടി തൊഴില്‍ സ്ഥലത്ത് ധരിക്കുന്നത് പല സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പിലാക്കി കഴിഞ്ഞു
പന്നി പനിയ്ക്കെതിരെ നിതാന്ത ജാഗ്രതയിലാണ് യു.എ.ഇ. യിലെ പല വ്യവസായ സ്ഥാപനങ്ങളും. തൊഴിലാളികളുടെ ആരോഗ്യ നില നിരന്തരം പരിശോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പലരും ഏര്‍പ്പെടുത്തി കഴിഞ്ഞു. പന്നി പനിക്കെതിരെ തങ്ങളുടെ തൊഴിലാളികളെ പല കമ്പനികളും ഇന്‍ഷൂര്‍ ചെയ്തു കഴിഞ്ഞു.
പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ മറ്റു തൊഴിലാളികളില്‍ നിന്നും വേര്‍തിരിച്ചു, എത്രയും വേഗം വൈദ്യ സഹായം ലഭ്യമാക്കുന്നു. സ്ഥാപനങ്ങളിലേക്ക് വരുന്ന സന്ദര്‍ശകരെ ഗേറ്റില്‍ വെച്ചു തന്നെ പനി ഉണ്ടോ എന്ന് പരിശോധിക്കുന്നു. പനി ഇല്ലെങ്കില്‍ മാത്രമേ ഇവരെ അകത്തേയ്ക്ക് വിടൂ. ഇതിനായി പ്രത്യേകം താപ മാപിനികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. തങ്ങളുടെ തൊഴിലാളികള്‍ക്ക് പുറമെ സന്ദര്‍ശകര്‍ക്കും പ്രത്യേകം മുഖം മൂടികള്‍ നല്‍കി വരുന്നുണ്ട്. തമ്മില്‍ കാണുമ്പോള്‍ കൈ കൊടുക്കുകയും കെട്ടിപ്പിടിക്കുകയും മറ്റും ചെയ്യുന്ന ആതിഥ്യ മര്യാദകള്‍ വിവേക പൂര്‍വ്വം പലരും മാറ്റി വെയ്ക്കുന്നു. ഇന്ത്യന്‍ രീതിയായ നമസ്ക്കാരവും ജപ്പാന്‍ രീതിയായ കുമ്പിടലും ആണ് പ്രചാരത്തിലാവുന്ന പുതിയ ഉപചാര രീതികള്‍. തമാശയായിട്ടാണെങ്കിലും പല വിദേശികളും ഇത്തരത്തില്‍ നമസ്ക്കാരം ചെയ്യുന്നത് കൌതുകം ഉണര്‍ത്തുന്ന കാഴ്‌ച്ചയാണ്. ഒപ്പം ആരോഗ്യകരമായ ഒരു പ്രവണതയും.
Swine flu alert in the United Arab Emirates