ജമ്മു : തന്നെ തട്ടി കൊണ്ടു പോവാന്‍ ശ്രമിച്ച ആറു ഭീകരരെ പെണ്‍കുട്ടി തുരത്തി. അതില്‍ ഒരു ഭീകരനെ അയാളുടെ തന്നെ എ. കെ. 47 യന്ത്ര തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലുകയും ചെയ്തു. ഞായറാഴ്‌ച്ച വൈകീട്ടാണ് ജമ്മുവിലെ രജൂരിയിലെ റുക്സാന കൌസര്‍ എന്ന പെണ്‍കുട്ടി ധീരമായ ഈ കൃത്യത്തിലൂടെ ഭീകരതയ്ക്കെ തിരെയുള്ള പോരാട്ടത്തില്‍ ഒരു പുതിയ മാനം കൈവരിച്ചത്. രാജ്യത്താകമാനം ഉള്ള സ്ത്രീകള്‍ക്ക് മാതൃകയും, അഭിമാനവും, പ്രചോദനവും ആയി റുക്സാന.
വീട്ടില്‍ അതിക്രമിച്ചു കയറി റുക്സാനയെ തട്ടി കൊണ്ടു പോകാനായിരുന്നു ഭീകരരുടെ ശ്രമം. റുക്സാനയെ തങ്ങള്‍ക്ക് വിട്ട് കൊടുക്കണം എന്ന് ലെഷ്കര്‍ എ തൊയ്ബ ആണെന്ന് സംശയിക്കപ്പെടുന്ന ഭീകരര്‍ റുക്സാനയുടെ മാതാ പിതാക്കളോട് ആവശ്യപ്പെട്ടു. അവര്‍ ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഭീകരര്‍ അവരെ മര്‍ദ്ദിച്ചു. തന്നെ കയറി പിടിച്ച ഒരു ഭീകരനെ റുക്സാന തള്ളി മാറ്റുകയും മതിലില്‍ ചെന്ന് ഇടിച്ച ഇയാളുടെ കയ്യില്‍ ഇരുന്ന AK-47 തോക്ക് തട്ടി പറിച്ച്, ഇയാളുടെ നേരെ വെടി ഉതിര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെയും പെണ്‍കുട്ടി വെടി വെച്ചു. ഒരു ഭീകരന് പരിക്ക് പറ്റുകയും മറ്റുള്ളവര്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. റുക്സാനയ്ക്കൊപ്പം സഹോദരനും ഭീകരരെ ആക്രമിയ്ക്കുന്നതില്‍ റുക്സാനയുടെ കൂടെ ഉണ്ടായിരുന്നു. വീട്ടില്‍ ഉണ്ടായിരുന്ന ഒരു മഴു കൊണ്ടാണ് ഇദ്ദേഹം ഭീകരരെ നേരിട്ടത്.
സംഭവത്തിനു ശേഷം ഇവര്‍ പോലീസിനെ വിളിയ്ക്കുകയും സ്ഥലത്തെത്തിയ പോലീസിന് റുക്സാന തോക്ക് കൈമാറുകയും ചെയ്തു. ഭീകരരുടെ പ്രതികാര നടപടി ഭയക്കുന്ന റുക്സാനയുടെ കുടുംബം, തങ്ങളെ പരിരക്ഷിയ്ക്കാന്‍ സൈന്യത്തോടും പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരര്‍ക്കെതിരെ പൊരുതാന്‍ തന്നെ സഹായിച്ചത് ഗ്രാമത്തില്‍ ഭീകര വിരുദ്ധ സമിതി നല്‍കിയ പരിശീലനം ആണ് എന്നാണ് റുക്സാന പറയുന്നത്. AK-47 തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം ഗ്രാമ സമിതി നല്‍കിയിരുന്നു. ഭീകരതയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ജനകീയ മുന്നേറ്റം ശക്തമാകുന്നു എന്ന ഇത്തരമൊരു സൂചന ആശാവഹമാണ്.



കൈതമുള്ള് എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്തനായ ശശി കൈതമുള്ളിന്റെ ആദ്യ പുസ്തകമായ ജ്വാലകള്‍ ശലഭങ്ങള്‍ ഒക്ടോബര്‍ ആറിന് കോഴിക്കോടു നടക്കുന്ന ചടങ്ങില്‍ പ്രകാശനം ചെയ്യും. വൈകുന്നേരം 5 മണിക്ക് കോഴിക്കോട് ടൌണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സുകുമാര്‍ അഴീക്കോട് സിസ്റ്റര്‍ ജെസ്മിക്ക് 15 പെണ്ണനഭവങ്ങളുടെ പുസ്തകത്തിന്റെ ആദ്യ പ്രതി നല്‍കും.
ഐക്യ രാഷ്ട്ര സഭാ സുരക്ഷാ കൌണ്‍സില്‍ അംഗ രാജ്യങ്ങളുമായി ചര്‍ച്ച തുടങ്ങുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇറാന്‍ ഞായറാഴ്‌ച്ച രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ പരീക്ഷിച്ചു. രണ്ട് ദിവസം മുന്‍പാണ് ഇറാന്റെ ഒരു യുറേനിയം സമ്പുഷ്ടീകരണ രഹസ്യ കേന്ദ്രത്തിന്റെ വിവരങ്ങള്‍ പുറത്തായത്. ഇറാന്‍ ആണവ ആയുധങ്ങള്‍ വികസിപ്പിക്കുന്നു എന്ന ആരോപണം ഇറാന്‍ പ്രസിഡണ്ട് അഹമ്മദിനെജാദ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഈ രഹസ്യ ആണവ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ അറബ് ലോകത്തെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കയോട് ഇറാനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പാക്കിസ്ഥാനുമായി ഉള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളില്‍ സഹകരിക്കാതെ ക്രിക്കറ്റ് കളിച്ച് പ്രശ്നം പരിഹരിക്കാം എന്ന് കരുതേണ്ട എന്ന് വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ 60 വര്‍ഷത്തെ ചരിത്രം പ്രതിപാദ്യ വിഷയമായ ശശി തരൂരിന്റെ “Shadows across the playing field; 60 years of India – Pakistan cricket” എന്ന പുസ്തകത്തെ പറ്റിയുള്ള ചര്‍ച്ചാ വേളയിലാണ് ശശി തരൂര്‍ ഈ പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന ഷഹര്‍യാര്‍ ഖാനും ശശി തരൂരും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകത്തിന്റെ ചര്‍ച്ചയ്ക്ക് ഖാനും സന്നിഹിതനായിരുന്നു.
വികസിത രാഷ്ട്രങ്ങളുടെ ചെയ്തികളുടെ ഫലമായി സംജാതമായ സാമ്പത്തിക പ്രതിസന്ധി ഏറ്റവും അധികം കഷ്ടത്തിലാക്കിയ വികസ്വര രാഷ്ട്രങ്ങള്‍ക്കുള്ള സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ നിര്‍ത്തുവാനുള്ള സമയം ആയിട്ടില്ല എന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ജി-20 ഉച്ച കോടിയില്‍ പ്രസ്താവിച്ചു. വികസിത രാഷ്ട്രങ്ങളുടെ ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയങ്ങളുടെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് ദരിദ്ര അവികസിത രാഷ്ട്രങ്ങളാണ്. ജി-20 അംഗ രാഷ്ടങ്ങള്‍ സംയുക്തമായി നടപ്പിലാക്കുന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ ആഗോള സമ്പദ് ഘടന സാധാരണ നിലയിലേയ്ക്ക് തിരിച്ചു വരുന്നതു വരെ തുടരേണ്ടത് ആവശ്യമാണ്. ശരിയായ സമയത്ത് വേണ്ട തയ്യാറെടുപ്പുകളോടെ മാത്രമേ ഈ പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
























