മുന്‍ രാഷ്ട്രപതി ഡോ. എ. പി. ജെ. അബ്ദുള്‍ കലാമിനെ വിമാന താവളത്തില്‍ വച്ച് ദേഹ പരിശോധന നടത്തിയ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സിന്റെ നടപടിയെ അമേരിക്കന്‍ വ്യോമയാന അധികൃതര്‍ ശരി വെച്ചു.
ഒരു വിദേശ രാജ്യത്ത് നിന്നും യാത്രാ വിമാനത്തില്‍ അമേരിക്കയിലേയ്ക്ക് വരുന്ന ഏത് യാത്രക്കാര്‍ക്കും ഒരേ പരിഗണനയില്‍ ആണ് സുരക്ഷാ നടപടികള്‍ പൂര്‍ത്തി ആക്കുന്നത്. അതില്‍ ഒരു രാജ്യത്തെ മുന്‍ രാഷ്ട്ര തലവന്‍ എന്നോ മറ്റു വി. ഐ. പി. എന്നോ ഉള്ള
വ്യത്യാസം ഇല്ല. ആവശ്യപ്പെടുക യാണെങ്കില്‍ മാത്രം സ്വകാര്യ സുരക്ഷാ പരിശോധനകളും അനുവദിക്കാറുണ്ട്.
കോണ്ടിനെന്ടല്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് നമ്പര്‍ CO-083 യില്‍ അമേരിക്കയിലേയ്ക്ക് യാത്രയാകാന്‍ വന്ന മുന്‍ രാഷ്ട്രപതിയായ കലാമിനെ മറ്റു യാത്രക്കാരുടെ മുന്‍പില്‍ വച്ച് ബെല്‍റ്റും ഷൂസും അഴിച്ചു ദേഹ പരിശോധന നടത്തി എന്ന വാര്‍ത്ത ഇന്ത്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ആയ സാഹചര്യത്തില്‍ ആണ് അധികൃതരുടെ ഈ വിശദീകരണം ഉണ്ടായത്.