ഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന്‍ ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സെലായയുടെ രാജി കത്ത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന്‍ അധികാരത്തില്‍ തന്നെ തുടരും എന്ന് പ്രസ്താവിച്ചു.





മലയാള സിനിമയിലെ പ്രതിഭാധനന്‍ ആയ സംവിധായകന്‍ ലോഹിത ദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10:15ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചു എങ്കിലും 10:50ഓടെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യയും മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം.
സൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 – 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.

























