ഇസ്രയേല്‍ ആയുധ നിര്‍മ്മാണ സ്ഥാപനം ആയ ഇസ്രയേല്‍ മിലിട്ടറി ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ ഇന്ത്യയുമായി ആയുധ വ്യാപാരം നടത്തുന്ന ഏഴു സ്ഥാപനങ്ങളെ പ്രതിരോധ വകുപ്പ് മന്ത്രി എ. കെ. ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി. ബി. ഐ. നടത്തിയ അന്വേഷണത്തില്‍ കൈക്കൂലി ഇടപാടുകളുടെ വ്യക്തമായ സൂചനകള്‍ ലഭിച്ചതിന്റെ വെളിച്ചത്തില്‍ ആണ് ഈ നടപടി. സി. ബി. ഐ. യുടെ കുറ്റ പത്രം ഇനിയും തയ്യാറായിട്ടില്ല. എന്നാല്‍ സ്വകാര്യ ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തത് ഉള്‍പ്പടെ വ്യക്തമായ തെളിവുകള്‍ ആണ് അന്വേഷണത്തില്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയമായ കമ്പനികളുമായുള്ള ഇടപാടുകള്‍ ഉടനടി മരവിപ്പിക്കാന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണി ഉത്തരവ് നല്‍കുക ആയിരുന്നു എന്ന് പ്രതിരോധ വകുപ്പ് വക്താവ് സിതാന്‍ശു കര്‍ അറിയിച്ചു.
ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസ്, സിംഗപ്പൂര്‍ ടെക്നോളജി, ബി. വി. ടി. പോളണ്ട്, മീഡിയ ആര്‍ക്കിടെക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് ഓഫ് സിംഗപ്പൂര്‍ എന്നീ വിദേശ കമ്പനികളും ടി. എസ്. കിഷന്‍ ആന്‍ഡ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, ആര്‍. കെ. മഷീന്‍ ടൂള്‍സ്, എഛ്. വൈ. ടി. എഞ്ചിനീയറിങ് കമ്പനി എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും ആണ് കരിമ്പട്ടികയില്‍ പെട്ട ആരോപണ വിധേയമായ സ്ഥാപനങ്ങള്‍.
ആന്റണിയുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ മാര്‍ച്ചില്‍ ഇസ്രയേലി സ്ഥാപനവുമായി നടത്തിയ 1200 കോടി രൂപയുടെ ഇടപാടും മരവിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിക്ക് വേണ്ടി ഈ ഉടമ്പടി പ്രകാരം ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ഇസ്രയേലി മിലിട്ടറി ഇന്‍ഡസ്ട്രീസിന്റേതു പോലുള്ള ഒരു ആയുധ ഫാക്ടറി ബീഹാറിലെ നളന്ദയില്‍ നിര്‍മ്മിക്കാന്‍ ആയിരുന്നു പദ്ധതി.
പ്രതിരോധ മേഖലയിലെ അഴിമതിക്കെതിരെ പ്രതികരിച്ച എല്ലാവര്‍ക്കും ഇന്നു വരെ തിക്ത ഫലങ്ങളാണ് ലഭിച്ചിട്ടുള്ളത്. അത്രയും ശക്തമായ ഒരു അന്താരാഷ്ട്ര അഴിമതി ശൃംഘല തന്നെയാണ് ഈ രംഗത്ത് ഉള്ളത്. ഈ നടപടിയും ഇതിന്റെ തുടര്‍ നടപടികളും അനന്തര ഫലങ്ങളും അതു കൊണ്ടു തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.