അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ എന്‍ഡവര്‍ എന്ന ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം മാറ്റി വച്ചു. ഫ്ലോറിടയിലുള്ള കെന്നഡി സ്പേസ് സെന്ററിലുള്ള മോശം കാലാവസ്ഥയാണ് ഇതിനു കാരണം. ഞായറാഴ്ചയാണ് വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. നാസ സംഘം വിക്ഷേപണത്തിന് തയ്യാര്‍ ആണെന്നും എന്നാല്‍ കാലാവസ്ഥ ഇപ്പോള്‍ അനുകൂലം അല്ല എന്നും ആണ് നാസാ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
അടുത്ത വിക്ഷേപണ ശ്രമം തിങ്കളാഴ്ച 0651 മണിക്കൂറില്‍ (IST) (2251GMT) നടക്കും. ജൂണ്‍ മദ്ധ്യത്തോടെ ഇന്റര്‍ നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ നിന്നും എന്‍ഡവറിന്റെ വിക്ഷേപണം നടത്താന്‍ ഉദ്ദേശിച്ചിരുന്നു എങ്കിലും സാങ്കേതിക തകരാറ് കാരണം വിക്ഷേപണം നീട്ടി വയ്ക്കുക ആയിരുന്നു.
16 ദിവസത്തെ എന്‍ഡവര്‍ ദൌത്യത്തില്‍ 5 യാത്രികരുടെ ബഹിരാകാശ നടത്തവും ജപ്പാന്‍ എയ്റോ സ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറി നിര്‍മാണവും ആണ് മുഖ്യമായി ഉദേശിക്കുന്നത്. ബഹിരാകാശ സഞ്ചാരികള്‍ക്ക് പേടകത്തിന് പുറത്ത്, പരീക്ഷണങ്ങള്‍ നടത്താന്‍ ഉള്ള സജ്ജീകരണങ്ങള്‍ ഇതില്‍ ഉണ്ട്.



മഹാരാഷ്ട്രയിലെ ലത്തൂരില്‍ എച്.ഐ.വി. ബാധിച്ച കുട്ടികളെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ അധികൃതര്‍ പുറത്താക്കാന്‍ ഒരുങ്ങുന്നതിനിടെ ഗ്രാമ വാസികള്‍ക്ക് പിന്തുണയുമായി ഒരു സംസ്ഥാന മന്ത്രി തന്നെ രംഗത്ത് വന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായി. മന്ത്രി ദിലീപ് ദേശ്‌മുഖ് ആണ് എച്. ഐ. വി. ബാധിച്ച കുട്ടികള്‍ക്ക് എതിരെ പരസ്യമായി രംഗത്തു വന്നിട്ടുള്ളത്. എച്. ഐ. വി. ബാധിച്ച കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സ്കൂളുകള്‍ ആരംഭിക്കണം എന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
വി. എസ്. അച്യുതാനന്ദനെ സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കി. അതേ സമയം, മുഖ്യമന്ത്രി സ്ഥാനത്തും കേന്ദ്ര കമ്മറ്റിയിലും അദ്ദേഹത്തെ തുടരാന്‍ അനുവദിക്കും. പിണറായി വിജയന് എതിരെ അച്ചടക്ക നടപടി ഒന്നും ഉണ്ടായില്ല. കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സി. പി. ഐ. (എം) കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം ആണിത്. പോളിറ്റ് ബ്യൂറോയുടെ ശുപാര്‍ശ പ്രകാരം ആണ് ഈ നടപടി ഉണ്ടായത്.
ജി-8 ഉച്ചകോടിയുടെ സമാപനം അമേരിക്കയോടൊപ്പം ചേര്‍ന്നുള്ള ഇന്ത്യയുടെ ആണവ സ്വപ്നങ്ങള്‍ക്ക് തികച്ചും അപ്രതീക്ഷിതം ആയ ഒരു തിരിച്ചടി നല്‍കി എന്ന് സൂചന. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പ് വെക്കാത്ത രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ ഒരു ജി-8 രാജ്യങ്ങളും കൈമാറില്ല എന്ന ജി-8 രാജ്യങ്ങള്‍ എടുത്ത തീരുമാനം ആണ് ഈ തിരിച്ചടിക്ക് ആധാരം. ആണവ ആയുധം കൈവശം ഉള്ള ഇന്ത്യക്ക് ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാന്‍ ആവില്ല. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വെക്കാതെ തന്നെ ഇന്ത്യക്ക് ആണവ സാങ്കേതിക വിദ്യ കൈമാറുവാന്‍ സഹായിക്കുന്ന വ്യവസ്ഥകള്‍ ആണ് ഇന്തോ – അമേരിക്കന്‍ ആണവ കരാറില്‍ ഉണ്ടായിരുന്നത്. ജി-8 രാഷ്ട്രങ്ങള്‍ ഇത്തരം ഒരു തീരുമാനം എടുത്തതോടെ ഈ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാവും എന്ന് വിദഗ്ദ്ധര്‍ കരുതുന്നു.
ബ്രിട്ടനിലെ ന്യു കാസില്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ ബീജം കൃത്രിമമായി സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. മറ്റ് ബീജ കോശങ്ങള്‍ നീന്തുന്ന പോലെ ഈ കൃത്രിമ ബീജങ്ങള്‍ക്ക് ചലന ശേഷിയും ഉണ്ടെന്ന് ശാസ്ത്രജ്ഞനായ കരിം നയെര്‍ണിയ (Karim Nayernia) വെളിപ്പെടുത്തി.

























