സുഡാന്റെ പുരോഗതിയും വളര്‍ച്ചയും തടയാന്‍ തങ്ങളുടെ രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്ക് ആവില്ല എന്ന് സുഡാന്‍ പ്രസിഡണ്ട് ഒമര്‍ ഹസ്സന്‍ അല്‍ ബാഷിര്‍ പ്രസ്താവിച്ചു. സുഡാന്‍ സ്വന്തമായി വികസിപ്പിച്ച വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ചില്‍ അന്താരാഷ്ട്ര കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്നു മുതല്‍ വാറണ്ടിനെ വെല്ലു വിളിച്ച് ബഷീര്‍ ഒട്ടനേകം റാലികളില്‍ പങ്കെടുത്ത് സംസാരിച്ചു വരുന്നു. ഈ റാലികളില്‍ ഒക്കെ തന്നെ സുഡാന്റെ വളര്‍ച്ചയെ എടുത്ത് കാണിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ആരംഭത്തില്‍ ഒരു പുതിയ ജല വൈദ്യുത പദ്ധതി സുഡാന്‍ ആരംഭിച്ചു. ഖാര്‍ത്തൂമില്‍ നിര്‍മ്മിച്ച പാലം, സുഡാനിലെ ആദ്യത്തെ എത്തനോള്‍ ഫാക്ടറി എന്നിവയും ഈ വര്‍ഷം ബഷീര്‍ അഭിമാനപൂര്‍വ്വം ആരംഭിച്ച പദ്ധതികളില്‍ ചിലതാണ്.
സുഡാന്‍ നിര്‍മ്മിച്ച സഫാത്-01 എന്ന വിമാനം
ഇന്നലെ പുറത്തിറക്കിയ സഫാത്-01 എന്ന വിമാനം ചൈനയുടേയും റഷ്യയുടേയും സഹായത്തോടെ ഏതാണ്ട് 80 ശതമാനവും സുഡാനില്‍ തന്നെ നിര്‍മ്മിച്ചതാണ്. രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതും പ്രൊപ്പല്ലര്‍ കൊണ്ട് പറക്കുന്നതുമായ ഈ വിമാനത്തിന്റെ ചിലവ് 15000 ഡോളര്‍ വരും. പത്ത് വിമാനങ്ങള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതി.
തങ്ങള്‍ക്ക് സ്വന്തമായി ആയുധങ്ങളും ടാങ്കുകളും മിസ്സൈലുകളും തോക്കുകളും മറ്റും നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയ നൂറ് കണക്കിന് അനുയായികളോട് പ്രഖ്യാപിച്ച ബാഷിര്‍ ഈ വിമാനത്തിന്റെ നിര്‍മ്മാണത്തോടെ സുഡാന്‍ ഒരു പുതിയ മേഖല കൂടി കീഴടക്കിയിരിക്കുന്നു എന്നറിയിച്ചു. ഉപരോധങ്ങള്‍ നമ്മുടെ പുരോഗതിയെ തടയില്ല. നമ്മള്‍ ഈ ചെയ്യുന്നത് നമ്മുടെ ശത്രുക്കളെ അരിശം കൊള്ളിക്കും. നമ്മളെ തകര്‍ക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു, ഗൂഢാലോചന നടത്തി, കലാപകാരികളെ അഴിച്ചു വിട്ടു, കലാപങ്ങള്‍ സൃഷ്ടിച്ചു, അയല്‍ രാജ്യങ്ങളെ നമുക്ക് എതിരാക്കി, നയതന്ത്ര, സാമ്പത്തിക, രാഷ്ട്രീയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. എന്നിട്ടും ദൈവത്തിന്റെ ശക്തി സുഡാനെ മുന്നോട്ട് തന്നെ നയിക്കുന്നു എന്നും ബാഷിര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നായി ഐക്യ രാഷ്ട്ര സഭ കണക്കാക്കുന്ന സുഡാന്റെ ഡര്‍ഫറില്‍ 2003ല്‍ തുടങ്ങിയ കലാപങ്ങളിലും തുടര്‍ന്നു നടന്നു വരുന്ന സംഘര്‍ഷങ്ങളിലുമായി 300000 പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ നിഗമനം. 27 ലക്ഷം പേര്‍ക്കെങ്കിലും കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നും അനുമാനിക്കപ്പെടുന്നു.



ജപ്പാനിലെ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ പ്രശസ്തമായ പ്രിയസ് (prius) ഹൈബ്രിഡ് കാറുകളില്‍ ശബ്ദം പുറത്തു വരാതിരിക്കാനുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജപ്പാന്‍ സര്‍ക്കാര്‍ ശബ്ദ രഹിതമായ ഹൈബ്രിഡ് കാറുകളില്‍ ശബ്ധം പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ ഘടിപ്പിക്കണം എന്ന ആവശ്യം പരിഗണിച്ചു വരുകയാണ്.
ധാര്‍മ്മികതയില്‍ ഊന്നിയ പൊതുജന അഭിപ്രായം ഒരാളുടെ ഭരണഘടനാ പരമായ മൌലിക അവകാശങ്ങള്‍ നിഷേധിക്കുവാനുള്ള ന്യായീകരണം ആകുന്നില്ല എന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. പൊതുവായ ധാര്‍മ്മികതയേക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയാണ് പ്രധാനം. ധാര്‍മ്മിക രോഷം, അതെത്ര തന്നെ ശക്തമാണെങ്കിലും, ഒരാളുടെ മൌലിക അവകാശങ്ങളും സ്വകാര്യതയും നിഷേധിക്കാനുള്ള അടിസ്ഥാനം ആവില്ല. ഭൂരിപക്ഷ അഭിപ്രായം പ്രതികൂലമാണെങ്കിലും നമ്മുടെ വ്യവസ്ഥിതിയില്‍ മൌലിക അവകാശത്തിന്റെ സ്ഥാനം പൊതു ധാര്‍മ്മികതയുടെ മുകളില്‍ തന്നെയാണ് എന്നും ചീഫ് ജസ്റ്റിസ് എ. പി. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
പ്രശസ്ത യുക്തി ചിന്തകനും ചരിത്രകാരനും സാഹിത്യകാരനും ഗ്രന്ഥകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന ജോസഫ് ഇടമറുക് അന്തരിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇടമറുകിനെ അനുസ്മരിച്ചു കൊണ്ട് ഡല്‍ഹിയിലെ റാഷണലിസ്റ്റ് സെന്ററില്‍ ജൂലൈ 5 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ അനുസ്മരണ സമ്മേളനവും സെമിനാറും നടക്കുന്നു. സനല്‍ ഇടമറുക്, സച്ചിദാനന്ദന്‍, അകവൂര്‍ നാരായണന്‍, ഓംചേരി, ഡി. വിജയമോഹന്‍, വി. എസ്. കുമാരന്‍, ഡോ. എം. എ. കുട്ടപ്പന്‍, സുധീര്‍നാഥ്, അനിത കലേഷ്, തഴക്കര രാധാകൃഷ്ണന്‍, കെ. മാധവന്‍ കുട്ടി, ലീല ഉപാദ്ധ്യായ, ചന്ദ്രിക ബാലകൃഷ്ണന്‍, അജിതന്‍, മാന്‍കുന്നില്‍ സുരേഷ്, എന്‍. കുഞ്ചു, ആര്‍ട്ടിസ്റ്റ് കെ. പി. പ്രസാദ്, നസീര്‍ സീനാലയം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുകയും അനുസ്മരണ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യും.
























