ന്യൂഡൽഹി : അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന ഒന്നിനെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് സുപ്രീം കോടതി. ദീപാവലിക്ക് ഡല്‍ഹിയില്‍ പടക്ക നിരോധം നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിൽ പോലീസ് അധികാരികളെ വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീം കോടതിയുടെ നിരീക്ഷണമാണ്.
ഭരണ ഘടനയുടെ 21ാം വകുപ്പ് പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തില്‍ ജീവിക്കാനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലിക അവകാശം ആണെന്നും ഈ രീതിയില്‍ കരിമരുന്നുകൾ കത്തിച്ചാല്‍ അത് ആരോഗ്യ ത്തോടെ ജീവിക്കാനുള്ള പൗരന്മാരുടെ മൗലിക അവകാശത്തെ ബാധിക്കും.
മലിനീകരണം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് തങ്ങളുടെ അഭിപ്രായം എന്നും ജസ്റ്റിസ് അഭയ് എസ്. ഓഖ, അഗസ്റ്റിന്‍ ജോര്‍ജ്ജ് മസീഹ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 14 ന് ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധ ഉത്തരവ് പോലീസ് ഗൗരവമായി പരിഗണിച്ചില്ല. നിരോധം ശരിയായി നടപ്പാക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തുന്നതായും ബഞ്ച് പറഞ്ഞു.
നിരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ പടക്ക വില്‍പ്പന ഉടന്‍ നിര്‍ത്താന്‍ എല്ലാ ലൈസന്‍സ് ഉടമകളെയും പോലീസ് അറിയിക്കുകയും നിരോധം നിലനില്‍ക്കുന്ന കാലത്ത് ലൈസന്‍സ് ഉള്ളവരാരും പടക്കങ്ങള്‍ സൂക്ഷി ക്കുകയോ വില്‍ക്കുകയോ ചെയ്യുന്നില്ല എന്നും ഉറപ്പു വരുത്തണം.
അടുത്ത വര്‍ഷം ജനുവരി ഒന്ന് വരെ നിലനില്‍ക്കുന്ന നിരോധത്തെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാന്‍ നടപടി എടുക്കുവാൻ ഡല്‍ഹി പോലീസ് കമ്മീഷണറോട് നിർദ്ദേശിച്ചു.