മംഗലാപുരം: നരേന്ദ്ര മോഡി അധികാരത്തില്‍ വന്നാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞ മുതിര്‍ന്ന എഴുത്തുകാരനും ചിന്തകനുമായ യു. ആര്‍. അനന്തമൂര്‍ത്തിക്ക് മോദി അനുയായികള്‍ പാക്കിസ്ഥാനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രയ്ക്കുള്ള എല്ലാ ചിലവും തങ്ങള്‍ വഹിക്കുമെന്ന് നമോ ബ്രിഗേഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. മോഡി വിജയിച്ച സാഹചര്യത്തില്‍ അനന്തമൂര്‍ത്തിക്ക് രാജ്യം വിടുന്നതിനു എന്തെങ്കിലും അസൌകര്യം വരാതിരിക്കുവാന്‍ തങ്ങള്‍ നേരത്തെ തന്നെ ടിക്കറ്റ് ബുക്കു ചെയ്യുകയാണെന്ന് അവര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
അനന്തമൂര്‍ത്തിയുടെ പ്രസ്ഥാവന ഇന്ത്യയില്‍ ഉടനീളം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയും ബി. ജെ. പി. യും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് എത്തുന്ന സൂചന കണ്ടതോടെ അദ്ദേഹം തന്റെ നിലപാട് തിരുത്തി. ആ സമയത്തെ വൈകാരികത കൊണ്ട് പറഞ്ഞതായിരുന്നു എന്നും അത് ഒരു അബദ്ധമായി പ്പോയെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. താന്‍ നടത്തിയ പ്രസ്ഥാവനയില്‍ അനന്തമൂര്‍ത്തി ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ബാംഗ്ളൂരില്‍ നിന്നും ശ്രീലങ്ക വഴി കറാച്ചിയിലേക്കാണ് ശ്രീലങ്കന്‍ എയര്‍ ലൈന്‍സില്‍ മൂർത്തിക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ന് വൈകീട്ട് 3.30 നു പുറപ്പെടുന്ന വിമാനം 5.10 നു കൊളമ്പോയിലും തുടര്‍ന്ന് അവിടെ നിന്ന് രാത്രി ഒരു മണിയോടെ പുറപ്പെട്ട് പുലര്‍ച്ചെ 4.40 നാണ് പാക്കിസ്ഥാനിലെ കറാച്ചിയിലും എത്തുക.