ന്യൂഡല്‍ഹി : ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ ജാതി അടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്താന്‍ കേന്ദ്രം അനുമതി നല്‍കി. 2011 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആയിരിക്കും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തുക. ഇതിനു മുന്‍പ് ദേശീയ ജനസംഖ്യാ രെജിസ്റ്റര്‍ തയ്യാറാക്കും. പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം ഈ കാര്യത്തില്‍ പഠനം നടത്തി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രി സഭ അംഗീകരിക്കുകയായിരുന്നു.
ജാതി കണക്കെടുപ്പ് വിദ്യാഭ്യാസ യോഗ്യതയും സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെടുത്തുന്നത് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സഹായിക്കും എന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍ ഇത് കൂടുതല്‍ സംവരണത്തിനുള്ള ആവശ്യത്തിന് വഴി വെയ്ക്കും എന്നാണ് എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്.
കാനേഷുമാരി ഉദ്യോഗസ്ഥര്‍ കണക്കെടുപ്പിനു വീട് വീടാന്തരം കയറിയിറങ്ങി ആളുകളുടെ ജാതി ചോദിക്കും. എന്നാല്‍ ആവശ്യമുള്ളവര്‍ക്ക് “ജാതി ഇല്ല” എന്ന് പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.
ഇന്ത്യന്‍ സമൂഹത്തിന്റെ പരാധീനതയായ ജാതി വ്യവസ്ഥയെ രാഷ്ട്ര നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ക്രമേണ തുടച്ചു നീക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന് പകരം, സ്റ്റേറ്റ് തന്നെ ഓരോ പൌരനോടും ജാതി ചോദിച്ച്, അത് അവന്റെ ദേശീയ സ്വത്വ ബോധത്തിന്റെ ഭാഗമാക്കി മാറ്റി, അവന്റെ രാഷ്ട്രീയ ബോധത്തിന് തന്നെ തുരങ്കം വെയ്ക്കാന്‍ ഉള്ള ഈ ശ്രമം പിന്നോക്ക വോട്ടു ബാങ്ക് ലക്‌ഷ്യം വെച്ചു മാത്രമുള്ളതാണ്. കുറ്റവാളികളെ പോലെ തങ്ങളുടെ വിരലടയാളവും മറ്റും സ്റ്റേറ്റിനു കൈമാറാനുള്ള നീക്കം പോലും അപലപിക്കപ്പെടാത്ത രാജ്യത്ത് ജാതി സെന്‍സസ് വിഷയം രാഷ്ട്രീയ കക്ഷികള്‍ കൈകാര്യം ചെയ്ത രീതി തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്.