തിരുവനന്തപുരം : പാവപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കും വിധം ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഭേദഗതി വരുത്തണം എന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഡോ. ബിനായൿ സെൻ ആവശ്യപ്പെട്ടു. ഇന്നത്തെ രൂപത്തിൽ ഈ നിയമത്തിന് അതിന്റെ ഉദ്ദേശ ലക്ഷ്യം കൈവരിക്കാൻ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കോവളം സാഹിത്യോൽസവത്തിൽ ദരിദ്രർ കൂടുതൽ ദരിദ്രർ ആയിക്കൊണ്ടിരിക്കുകയാണോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിയമത്തിന്റെ നിബന്ധനകൾക്ക് വ്യക്തത കുറവാണ്. നിയമത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള അർഹത സംബന്ധിച്ച വ്യവസ്ഥകൾ അഴിമതിക്ക് കളമൊരുക്കും. പൊതു വിതരണ സംവിധാനത്തിന് പകരം പണം നൽകാനുള്ള നീക്കം അത്മഹത്യാപരമാണ്. പാവപ്പെട്ടവർക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. പോഷകാഹാരക്കുറവ് രാജ്യത്ത് ക്ഷാമത്തിന് തുല്യമായ അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത് എന്ന് പറഞ്ഞ ഡോ. സെൻ റേഷൻ കടകളിൽ കൂടി ധാന്യങ്ങൾക്കൊപ്പം പരിപ്പ് വർഗ്ഗങ്ങളും എണ്ണയും വിതരണം ചെയ്യണം എന്നും ആവശ്യപ്പെട്ടു.
രാജ്യത്തെ പൌരന്മാർക്ക് നിത്യവൃത്തിക്ക് അത്യാവശ്യമായ വെള്ളവും പ്രകൃതി വിഭവങ്ങളും ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് നിയന്ത്രണമില്ലാതെ ചൂഷണം ചെയ്യാൻ നൽകുന്നത് നിർത്തലാക്കണം എന്നും അദ്ദേഹം പറഞ്ഞു.