ന്യൂഡല്‍ഹി : 2008ലെ മാലേഗാവ് സ്ഫോടന കേസില്‍ പിടിയിലായ ഹിന്ദു സന്യാസിനി സാധ്വി പ്രഗ്യാ സിംഗിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ഇവരെ ഭീകര വിരുദ്ധ സ്ക്വാഡ് പീഡിപ്പിച്ചു എന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2008 ഒക്ടോബറില്‍ ആണ് ഇവര്‍ പോലീസ് പിടിയില്‍ ആയത്. മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2008 സെപ്റ്റംബര്‍ 29 ന് നടന്ന മാലേഗാവ് സ്ഫോടനത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആദ്യമൊക്കെ സാധ്വി പ്രഗ്യാ സിങ് ഠാക്കുറിനെ അനുകൂലിച്ച ആര്‍. എസ്. എസ്. പിന്നീട് മൌനം പാലിക്കുകയാണ് ഉണ്ടായത്. തീവ്രവാദികളെ സംരക്ഷിക്കുകയോ അനുകൂലിക്കുകയോ ചെയ്യേണ്ട എന്ന തീരുമാനത്തില്‍ ആര്‍. എസ്. എസ്. നേതൃത്വം എത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ ഇത് സംബന്ധിച്ച് മൌനം പാലിക്കും എന്ന് എല്‍. കെ. അദ്വാനിയും രാജ് നാഥ് സിംഗും വ്യക്തമാക്കിയിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ജനം ആര്‍. എസ്. എസിനെ ബന്ധപ്പെടുത്തുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യും എന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന് കാരണം.