ശ്രീനഗര്‍ : ഹുറിയത്ത് നേതാവ് സയിദ് അലി ഷാ ഗീലാനി ആഹ്വാനം ചെയ്ത ബന്ദ് സര്‍ക്കാര്‍ നിഷേധിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ സംഘര്‍ഷ ഭരിതമായി. ശ്രീനഗറില്‍ ഇന്നലെ ഒരു സ്കൂള്‍ ബസ് അക്രമകാരികള്‍ തീ വെച്ച് നശിപ്പിച്ചു. കുട്ടികളെ മുഴുവന്‍ ഇറക്കിയതിനു ശേഷമാണ് സ്കൂള്‍ ബസിന് തീയിട്ടത്. ആര്‍ക്കും അപകടമുള്ളതായി റിപ്പോര്‍ട്ടില്ല. ശ്രീനഗറിലെ രംഗ ബസ് സ്റ്റോപ്പില്‍ വെച്ച് ഗീലാനിയുടെ അനുയായികളാണ് സ്കൂള്‍ ബസ് തടഞ്ഞത് എന്നാണ് സൂചന. 10 അംഗ പാര്‍ലമെന്ററി സംഘം വിഘടന വാദ നേതാക്കളായ യൂസഫ് രാസ ഗിലാനി, ഉമര്‍ ഫാറൂഖ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് ഈ ആക്രമണം നടന്നത് എന്നത് ശ്രദ്ധേയമാണ്.