ന്യൂഡല്‍ഹി : ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി. ജെ. പി. – വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ എല്‍. കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കം 32 പ്രതികളെയും വെറുതെ വിട്ടു. ഈ കേസിലെ 48 പ്രതികളില്‍ 16 പേര്‍ മരണപ്പെട്ടു. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന 32 പേരെ യാണ് ലഖ്‌നൗ സി. ബി. ഐ. കോടതി വെറുതെ വിട്ടത്.
ബാബരി മസ്ജിദ് തകര്‍ത്തതിനു പിന്നില്‍ നേതാക്കളുടെ ഗൂഢാലോചന ഇല്ല എന്നും മുന്‍ കൂട്ടി യുള്ള ആസൂത്രണ ത്തിലൂടെ യാണ് പള്ളി പൊളിച്ചത് എന്ന് തെളി യിക്കു ന്നതിന് പ്രതികള്‍ക്ക് എതിരെ ശക്തമായ തെളിവു കള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാണിച്ചു.
പെട്ടെന്ന് ഉണ്ടായ വികാര ത്തള്ളിച്ചയിലാണ് പള്ളി പൊളിച്ചത്. സാമൂഹ്യ വിരുദ്ധരാണ് അവിടെ അക്രമം അഴിച്ചു വിട്ടത്. ജനക്കൂട്ടത്തെ തടയുവാനാണ് നേതാക്കള്‍ ശ്രമിച്ചത് എന്നും കോടതി പറഞ്ഞു.
വിശ്വ ഹിന്ദു പരിഷത്ത് – ആര്‍. എസ്. എസ്. അടക്കമുള്ള തീവ്ര ഹിന്ദു സംഘ ടന കള്‍ നേതൃത്വം നല്‍കിയ കര്‍സേവ യിലൂടെ 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ത്തത്. തുടര്‍ന്നുണ്ടായ സംഘര്‍ഷ ത്തിലും ലഹള യിലും രണ്ടായിരത്തില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.
വ്യക്തമായ തെളിവുകളുടെ അഭാവത്തിലാണ് എല്ലാ പ്രതികളേയും സി. ബി. ഐ. കോടതി കുറ്റ വിമുക്തര്‍ ആക്കി വെറുതെ വിട്ടത് എന്നത് ഏറെ ശ്രദ്ധേയമാണ്.