ന്യൂഡല്‍ഹി : രാജ്യത്ത് 1500 ലേറെ പേര്‍ മരിക്കാന്‍ ഇടയാക്കിയ പന്നിപ്പനിയെ നേരിടാന്‍ ഇന്ത്യ സ്വന്തമായി വാക്സിന്‍ വികസിപ്പിച്ചു. കഴിഞ്ഞ വര്‍ഷമാണ് ലോക വ്യാപകമായി പന്നിപ്പനി പടര്‍ന്നു പിടിയ്ക്കാന്‍ തുടങ്ങിയത്. പന്നിപ്പനിയെ നേരിടാനുള്ള മരുന്നുകള്‍ക്ക് സ്വന്തമായി പേറ്റന്റുള്ള വിദേശ കമ്പനികള്‍ കോടിക്കണക്കിനു ഡോളറിന്റെ അമിത ലാഭമാണ് ഈ പകര്‍ച്ചവ്യാധി പകര്‍ന്നു തുടങ്ങിയതിനു ശേഷം ഉണ്ടാക്കിയത്. ലോക രാഷ്ട്രങ്ങള്‍ ഈ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കി മാസങ്ങളോളം കാത്തിരുന്നതിന് ശേഷമാണ് മരുന്നുകള്‍ ലഭിച്ചത്. ഇത് ആരോഗ്യ രംഗത്ത് വന്‍ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെ പോലെ വന്‍ ജന സംഖ്യ ഉള്ള ഒരു രാഷ്ട്രത്തിനു മരുന്ന് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാതെ വേറെ വഴിയില്ല. വാക്സിഫ്ലൂ-എസ് എന്ന പേരില്‍ ഇപ്പോള്‍ വികസിപ്പിച്ച ഈ വാക്സിന്‍ സാങ്കേതിക രംഗത്ത് തന്നെ ഒരു വന്‍ കുതിച്ചു ചാട്ടമാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് പറയുന്നു. ഇതോടെ ഇത്തരം ഏതു പകര്‍ച്ച വ്യാധിയും കുറഞ്ഞ സമയത്തിനുള്ളില്‍ ഫലപ്രദമായി നേരിടാനുള്ള ശേഷിയാണ് ഇന്ത്യ കൈവരിച്ചത് എന്നും മരുന്നിന്റെ ഒരു ഡോസ് കുത്തിവെയ്പ്പ് സ്വയം എടുത്തു കൊണ്ട് മന്ത്രി അറിയിച്ചു.
അഹമ്മദാബാദിലെ സൈടസ് – കാഡില വാക്സിന്‍ ടെക്നോളജി കേന്ദ്രത്തിലാണ് വാക്സിന്‍ വികസിപ്പിച്ചത്. മുട്ട അടിസ്ഥാനമായി പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വാക്സിന്‍ 18 വയസു മുതല്‍ 60 വയസു വരെ ഉള്ളവര്‍ക്ക് ഉപയോഗിക്കാനാവും. കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും, മുട്ട അലര്‍ജി ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയില്ല. ഈ കുറവുകള്‍ പരിഹരിക്കാനുള്ള ഗവേഷണം നടന്നു വരുന്നു. ഇതിനോടകം 4.5 ലക്ഷം ഡോസ് മരുന്ന് നിര്‍മ്മിച്ച് കഴിഞ്ഞു.
ഒരു ഡോസ് മരുന്നിനു 350 രൂപയാണ് വില. പൂനെയിലെ സിറം ഇന്‍സ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോ ടെക് ലിമിറ്റഡ്, ന്യൂഡല്‍ഹിയിലെ പനാഷിയ ബയോടെക് എന്നിവരും മരുന്ന് നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ മരുന്നുകള്‍ കൂടി ലഭ്യമാകുന്നതോടെ വില ഇനിയും താഴുമെന്നാണ് കരുതപ്പെടുന്നത്.