ഭക്ഷ്യവില കുതിക്കുന്നു, ജനം വലയുന്നു

October 27th, 2011

ന്യൂഡല്‍ഹി: രാജ്യത്തെ ഭക്ഷ്യവില വീണ്ടും കുതിച്ചുയരുകയാണ്. മുന്‍വര്‍ഷവുമായി താതമ്യം ചെയ്യുമ്പോള്‍ പച്ചക്കറികളുടെ വില 25 ശതമാനത്തോളമാണ് വര്‍ധിച്ചത്. പഴങ്ങള്‍ക്ക് 11.96 ശതമാനവും പാലിന് 10.85 ശതമാനവും മുട്ട, ഇറച്ചി, മീന്‍ എന്നിവയുടെ വിലയില്‍ 12.82 ശതമാനവും വില വര്‍ധനയുണ്ടായി. പയര്‍ വര്‍ഗങ്ങള്‍ക്ക് 9.06 ശതമാനവും ധാന്യങ്ങള്‍ക്ക് 4.62 ശതമാനവും വില വര്‍ധന മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുണ്ടായി. ഒക്ടോബര്‍ ആദ്യ ആഴ്ച്ചയുടെ അവസാനം 10.60 ശതമാനമായിരുന്നു എങ്കില്‍ രണ്ടാമത്തെ ആഴ്ചയില്‍ 11.43 ശതമാനമെന്ന നിലയിലാണ് മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷ്യവിലപ്പെരുപ്പം. പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനയാണ് ഭക്ഷ്യവിലപ്പെരുപ്പം കുത്തനെ ഉയരാന്‍ കാരണമായത്. സവോളയുടെ വിലയില്‍ മാത്രമാണ് കാര്യമായ കുറവ് രേഖപ്പെടുത്തിയത് 18.93 ശതമാനം. ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ട്. ഭക്ഷ്യവിലപെരുപ്പം ഈ നിലയില്‍ തുടര്‍ന്നാല്‍ വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുക.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും വേണം

October 24th, 2011

petroleum-epathram

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധന വില നിര്‍ണ്ണയിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും പൊതു മേഖലയിലെ എണ്ണ വിപണന കമ്പനികള്‍ക്ക്‌ വില നിര്‍ണ്ണയിക്കാനുള്ള അധികാരം നല്‍കുകയും ചെയ്തതിന് എതിരെ ഓള്‍ ഇന്ത്യ യൂത്ത്‌ ഫെഡറേഷന്‍ സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹരജി ഫയല്‍ ചെയ്തു. ഇത്തരം വില നിര്‍ണ്ണയ സംവിധാനം ശാസ്ത്രീയമല്ല എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ ഈ എണ്ണ കമ്പനികള്‍ മാത്രമാണെന്നും സാധാരണ ജനം കൊള്ളയടിക്കപ്പെടുകയാണ് എന്നും ഹരജിയില്‍ പറയുന്നു. ലാഭവിഹിതം സര്‍ക്കാരുമായി പങ്കു വെയ്ക്കുന്ന ഈ കമ്പനികള്‍ നഷ്ടത്തിലാണ് എന്ന വാദം അസത്യമാണ്. രാജ്യത്തെ മൊത്തം സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കുന്ന ഇന്ധന വില നിര്ന്നയിക്കുവാന്‍ ഇത്തരം കമ്പനികള്‍ക്കല്ല മറിച്ച് സര്‍ക്കാരിനാണ് അധികാരം. ഈ അധികാരം വിനിയോഗിച്ച് സര്‍ക്കാര്‍ സാധാരണ ജനത്തിന്റെ മേലുള്ള അധികഭാരം ലഘൂകരിക്കണം.

പെട്രോള്‍ വിലയിലെ വര്‍ദ്ധനവ്‌ മൂലം ഡീസല്‍ വാഹനങ്ങള്‍ കൂടുതലായി ഉപയോഗത്തില്‍ വരുന്നത് പരിസ്ഥിതിയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

പെട്രോള്‍ വില ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ് എന്ന് പരാതിക്കാര്‍ പറഞ്ഞു. ഇന്ത്യയില്‍ പെട്രോള്‍ വില 67.71 രൂപയുള്ളപ്പോള്‍ പാക്കിസ്ഥാനില്‍ ഇത് 43.29, ചൈനയില്‍ 47.50, അമേരിക്കയില്‍ 43.70, റഷ്യയില്‍ 41.96, മലേഷ്യയില്‍ 26.78 എന്നിങ്ങനെയാണ് പെട്രോള്‍ വില.

ഇന്ധന വിലയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അരാജകത്വം അവസാനിപ്പിക്കാന്‍ പാര്‍ലമെന്റില്‍ റെയില്‍വേ ബജറ്റ്‌ പോലെ ഇന്ധന ബജറ്റും അവതരിപ്പിക്കണം എന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം: കേന്ദ്രം 15 അംഗ വിദഗ്ധ സമിതിയെ പ്രഖ്യാപിച്ചു

October 20th, 2011

koodankulam nuclear plant-epathram

ന്യുഡല്‍ഹി: കൂടംകുളം ആണവ പദ്ധതിക്കെതിരെ തമിഴ്‌നാട്ടില്‍ ജനകീയ പ്രക്ഷോഭം ശക്‌തമായിരിക്കേ പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാര്‍ വിദഗ്‌ധ സമിതിയെ പ്രഖ്യാപിച്ചു. 15 അംഗങ്ങളാണ്‌ സമിതിയിലുള്ളത്‌. കൂടംകുളം ആണവ നിലയത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പേരില്‍ കേന്ദ്രം തമിഴ്‌നാട് സര്‍ക്കാരിനെ പഴിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ജയലളിത ആരോപിച്ചിരുന്നു. കൂടംകുളത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും പ്രക്ഷോഭം തുടങ്ങിയതെന്നും ജയലളിത പറഞ്ഞു.

പദ്ധതിയുടെ സുരക്ഷ പരിശോധിക്കുന്നത്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രി ഈ മാസം 11 ന്‌ അയച്ചുവെന്ന്‌ പറയുന്ന കത്ത്‌ തനിക്ക്‌ ലഭിച്ചിട്ടില്ലെന്നും ജയലളിത തുറന്നടിച്ചിരുന്നു. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാറും തമിഴ്നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷമേ പദ്ധതിയുമായി മുന്നോട്ട് പോവാന്‍ കഴിയുകയുള്ളുവെന്ന് ജയലളിത വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആണവ നിലയത്തിലേക്കുള്ള വഴി ഉപരോധിച്ചിരുന്നു. നിലയത്തിലെ 700 ഓളം ശാസ്ത്രജ്ഞരെയും 5000 ലേറെ തൊഴിലാളികളെയും ആണവകേന്ദ്രത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ അനുവദിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനെ തുടര്‍ന്നു രണ്ടു ദിവസമായി നിര്‍ത്തിവച്ച സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചിരിക്കുകയാണ്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സത്യം വെട്ടിപ്പ്‌ കേസിലെ പ്രതികള്‍ക്ക്‌ ജാമ്യം

October 12th, 2011

satyam-computers-epathram

ന്യൂഡല്‍ഹി : 617 കോടി രൂപയുടെ ആദായ നികുതി വെട്ടിപ്പ്‌ നടത്തി പിടിയിലായ സത്യം കമ്പ്യൂട്ടേഴ്സ് ഉദ്യോഗസ്ഥരായ 5 പേര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തെളിവുകള്‍ നശിപ്പിക്കില്ല എന്ന ഉറപ്പിന്മേലാണ് ജാമ്യം. തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചാല്‍ രണ്ടു ലക്ഷം രൂപയുടെ ജാമ്യം റദ്ദ്‌ ചെയ്യും എന്ന് കോടതി വിധിയില്‍ പറയുന്നുണ്ട്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് സത്യം കമ്പ്യൂട്ടേഴ്സിനെ രാജ്യത്തെ മുന്‍ നിര കമ്പനികളില്‍ ഒന്നാക്കി മാറ്റിയ രാമലിംഗ രാജു, പക്ഷെ അതേ കമ്പനിയുടെ തകര്‍ച്ചയ്ക്കും കാരണ ക്കാരനായി. കണക്കുകളില്‍ കൃത്രിമം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സി. ബി. ഐ. യുടെ പിടിയില്‍ ആകുകയായിരുന്നു. ഓഹരി വിപണിയിലെ മുന്‍ നിര ഓഹരി യായിരുന്ന സത്യം കമ്പ്യൂട്ടേഴ്സിന്റെ വില കമ്പനിക്കുണ്ടായ ദുഷ്പേരിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞു ഒറ്റയക്കത്തില്‍ എത്തിയിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബീഹാറില്‍ 70 ശതമാനം പട്ടിണി

October 5th, 2011

poverty-hunger-india-epathram

പാറ്റ്ന : ദാരിദ്ര്യം മൂലം ബീഹാറിലെ 70 ശതമാനം കുടുംബങ്ങള്‍ പട്ടിണി അനുഭവിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെട്ടത്‌. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വിപണി വിലയേക്കാള്‍ താഴെ ദാരിദ്രരായവര്‍ക്ക് ലഭ്യമാക്കുന്ന രാജ്യത്തെ പൊതു വിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയെ കുറിച്ച് പഠനം നടത്തുകയായിരുന്നു ഡല്‍ഹി ഐ. ഐ. ടി. യിലെ സംഘം.

ബീഹാറിലെ പട്ടിണിയുടെ ആഴവും വ്യാപ്തിയും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഏറെ ഭീകരമാണ് എന്ന് ഗവേഷക സംഘം കണ്ടെത്തി.

70 ശതമാനം കുടുംബങ്ങള്‍ പല രാത്രികളിലും വിശക്കുന്ന വയറുമായി ഉറങ്ങാന്‍ കിടക്കുന്നതായി പഠനത്തില്‍ വെളിപ്പെട്ടു. മിക്കവാറും പയര്‍ വര്‍ഗ്ഗങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, മുട്ട, മാംസം എന്നിവ കണ്ടിട്ട് തന്നെ ഏറെ കാലമായി എന്ന് സംഘത്തോട്‌ പറഞ്ഞു.

കര്‍ഷകരില്‍ നിന്നും അരി സംഭരിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ എത്തിച്ചു കൊടുക്കുന്ന പൊതു വിതരണ സംവിധാനത്തിന്റെ ഒട്ടേറെ ന്യൂനതകളും ഇവര്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ റേഷന്‍ കടകള്‍ വഴി വിതരണ ചെയ്യുന്നതിന് പകരം ഇതിന്റെ പകുതിയില്‍ ഏറെ ദരിദ്രര്‍ക്ക് ലഭിക്കാതെ പാഴാവുകയോ കരിഞ്ചന്തയില്‍ എത്തുകയോ ആണ്. വ്യാപകമായ ഈ അഴിമതിയില്‍ അധികാരികള്‍ക്ക് മുതല്‍ ലോറി ഡ്രൈവര്‍മാര്‍ക്കും കട ഉടമകള്‍ക്കും വരെ പങ്കുണ്ട്. കാര്യക്ഷമത ഇല്ലായ്മ മൂലം ഭക്ഷ്യ ധാന്യങ്ങള്‍ സംഭരണ ശാലകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നതും വ്യാപകമാണ്.

ബീഹാറില്‍ 70 ശതമാനം പട്ടിണി രേഖപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും പട്ടിണി ഉള്ളതായി സംഘം കണ്ടെത്തി. രാജസ്ഥാനില്‍ 36 ശതമാനം, ജാര്‍ഖണ്ഡില്‍ 26 ശതമാനം, ഒറീസയില്‍ 9 ശതമാനം, ഛത്തീസ്ഗഢ് 17 ശതമാനം, ആന്ധ്രാപ്രദേശ് 16 ശതമാനം, ഉത്തര്‍ പ്രദേശില്‍ 7 ശതമാനം എന്നിങ്ങനെയാണ് പട്ടിണി.

സൈന്യത്തിന്റെ ആധുനീകരണത്തിന് ഇന്ത്യ ചിലവഴിക്കുന്നത് രണ്ടര ലക്ഷം കോടി രൂപയാണ്. അത്താഴ പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ ഉള്ള രാജ്യത്തിന് സ്വന്തമായി ബഹിരാകാശ പദ്ധതികളും ചന്ദ്ര ദൌത്യങ്ങളും മിസൈല്‍ വികസനവും ഉണ്ട്. 8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ അവകാശപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രത്നങ്ങള്‍ അടങ്ങിയ സഞ്ചി ഓട്ടോ ഡ്രൈവര്‍ തിരികെ ഏല്‍പ്പിച്ചു
Next »Next Page » സഞ്ജീവ് ഭട്ടിന്റെ സുരക്ഷിതത്വം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി »



  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി
  • കേരളത്തിലും തമിഴ്‌ നാട്ടിലും ബി. ജെ. പി. എക്കൗണ്ട് തുറക്കും : അമിത് ഷാ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine