വത്തിക്കാന്‍ : മദര്‍ തെരേസയുടെ മഹത്വത്തെ കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കലും സ്വയം ദിവ്യത്വം അവകാശപ്പെടാതെ, എളിമയുടെ പ്രതീകമായി ജീവിച്ച അവരെ “വിശുദ്ധ” യാക്കിയത് ഒരു മത സ്ഥാപനവുമല്ല, മറിച്ച് അവരുടെ കാരുണ്യവും ദയാ വായ്പും അനുഭവിച്ചറിഞ്ഞ ലക്ഷങ്ങളുടെ കൃതജ്ഞതയും സ്നേഹവുമാണ്. എന്നാല്‍ ഇത്തരം സാര്‍വത്രികമായ സാമൂഹിക അംഗീകാരത്തെ അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച് ആ വ്യക്തിയുടെ സത്യസന്ധതയ്ക്ക് തന്നെ കോട്ടം വരുത്തുന്നത് പലപ്പോഴും മത സ്ഥാപനങ്ങളാണ്.
ഒരു മരണാനന്തര അത്ഭുതം എങ്കിലും ആവശ്യമാണ് വിശുദ്ധയായി വാഴ്ത്താന്‍ എന്നാണ് സഭയുടെ വ്യവസ്ഥ. മദര്‍ തെരേസയെ “വിശുദ്ധ” യാക്കാന്‍ ശ്രമിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് പശ്ചിമ ബംഗാളിലെ മോണിക്ക ബെസ്റ യുടെ വയറ്റിലെ ട്യൂമര്‍ സുഖപ്പെട്ട അത്ഭുതമാണ്.
മദര്‍ തെരേസയുടെ മരണ ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 1998 ഒക്ടോബര്‍ 5ന് വയറ്റിലെ ഭീമമായ ട്യൂമര്‍ മൂലം വേദനയാല്‍ പുളയുന്ന മോണിക്കയുടെ വയറ്റില്‍ മദര്‍ തെരേസയുടെ ചിത്രം പതിച്ച ഒരു ലോക്കറ്റ് കറുത്ത ചരടില്‍ കോര്‍ത്ത് കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി യിലെ രണ്ടു കന്യാസ്ത്രീമാരായ സിസ്റ്റര്‍ ബര്‍ത്തലോമിയോ, സിസ്റ്റര്‍ ആന്‍ സേവിക എന്നിവര്‍ കെട്ടുകയും, മദറിനോട് മുട്ടിപ്പായി പ്രാര്‍ഥിക്കുകയും ചെയ്തു എന്നാണ് വത്തിക്കാന്റെ പക്കലുള്ള മോണിക്ക ബസ്‌റയുടെ “അത്ഭുത പ്രസ്താവന”. ഈ പ്രസ്താവന രഹസ്യമായി സൂക്ഷിച്ചിരുന്ന തായിരുന്നെങ്കിലും ഇത് പത്രങ്ങള്‍ക്ക് ചോര്‍ന്നു കിട്ടി. ഇത് പ്രകാരം ചരട് കെട്ടി പ്രാര്‍ഥിച്ച ഉടന്‍ വേദന പൂര്‍ണ്ണമായി അപ്രത്യക്ഷമായി. വയറ്റിലെ മുഴ ചെറുതായി ചെറുതായി രാവിലെ ആയപ്പോഴേയ്ക്കും മുഴയും അപ്രത്യക്ഷമായി. ഇതാണ് അത്ഭുതം.
മുപ്പതു വയസുകാരിയായ ഒരു ഗോത്ര വര്‍ഗ്ഗക്കാരിയാണ് മോണിക്ക. വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇവര്‍ ഇവരുടെ ഗോത്ര ഭാഷ മാത്രമാണ് സംസാരിക്കുന്നത്. ഒരല്‍പം മുറി ബംഗാളിയും. ഇവര്‍ ഒരല്‍പം കാലം മാത്രമാണ് ക്രിസ്ത്യാനിയായി ജീവിച്ചതും. ഇവരുടെ പ്രസ്താവന തെറ്റില്ലാത്ത ഇംഗ്ലീഷില്‍ അതും പരമ്പരാഗത കത്തോലിക്കാ ശൈലിയില്‍ എഴുതപ്പെട്ടതായിരുന്നു. ഇത് മോണിക്ക പറഞ്ഞതോ എഴുതിയതോ അല്ലെന്ന് വ്യക്തം.
ഇത് ശരിയോ തെറ്റോ എന്ന് പരിശോധിക്കാന്‍ പിന്നീട് മോണിക്കയെ ആരും കണ്ടിട്ടില്ല. അവര്‍ “സഭയുടെ സംരക്ഷണയില്‍” ഏതോ രഹസ്യ താവളത്തിലാണ് എന്നാണ് കരുതപ്പെടുന്നത്. അത്ഭുതത്തിന് സാക്ഷികളായ സിസ്റ്റര്‍മാരെയും കൂടുതല്‍ ചോദ്യം ചെയ്യാന്‍ സഭ അനുവദിച്ചില്ല. ഇരുവരും പറയുന്ന മൊഴിയില്‍ എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ വന്നാല്‍ അത് അത്ഭുതത്തിന്റെ വിശ്വാസ്യതയെ ബാധിക്കും എന്നായിരുന്നു സഭയുടെ ഭയം.
മോണിക്കയുടെ ട്യൂമര്‍ പൂര്‍ണ്ണമായ വളര്‍ച്ച എത്തിയിരുന്നില്ല എന്ന് അവരെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഒരു വര്‍ഷത്തോളം ചികില്‍സയ്ക്കു വിധേയയായ അവരുടെ ട്യൂമര്‍ മരുന്നുകളുടെ പ്രഭാവം കൊണ്ട് സുഖപ്പെട്ടതാണ് എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
തന്റെ ഭാര്യയെ സുഖപ്പെടുത്തിയത് ഡോക്ടര്‍മാര്‍ ആണെന്ന് മോണിക്കയുടെ ഭര്‍ത്താവും ആദ്യമൊക്കെ പറഞ്ഞിരുന്നു. ഇപ്പോള്‍ സഭ നല്‍കിയ ഭൂമിയില്‍ താമസിക്കുന്ന ഇവരുടെ കുടുംബം ക്രിസ്തുമതം സ്വീകരിക്കുകയും ഇവരുടെ കുട്ടികള്‍ കന്യാസ്ത്രീകളുടെ ശിക്ഷണത്തില്‍ വളരുകയും ചെയ്യുന്നു. ഏറെ ദുരിതത്തിലായിരുന്നു തങ്ങള്‍ ഒരു കാലത്ത് ജീവിച്ചിരുന്നത്. എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ സുഖമായി ജീവിക്കുന്നത് സഭയുടെ കാരുണ്യം കൊണ്ടാണ് എന്ന് പറയുന്ന ഇവര്‍ക്ക് മദര്‍ തെരേസയേയും മദറിന്റെ സ്ഥാപനത്തെയും കുറിച്ച് പ്രശംസിച്ചു പറയുമ്പോള്‍ നൂറു നാവാണ്.
മദര്‍ തെരേസയുടെ വിശുദ്ധീകരണത്തിന്റെ വേഗതയും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ഒരാള്‍ മരിച്ചു അഞ്ചു വര്‍ഷമെങ്കിലും കഴിഞ്ഞാണ് വിശുദ്ധീകരണത്തിന്റെ പ്രക്രിയ ആരംഭിക്കുക. എന്നാല്‍ മദര്‍ തെരേസയുടെ കാര്യത്തില്‍ രണ്ടു വര്‍ഷം പോലും തികയുന്നതിനു മുന്‍പേ, 1999ല്‍ തന്നെ ആരംഭിച്ചു. മോണിക്കയുടെ അത്ഭുത രോഗ ശാന്തിയുടെ അടിസ്ഥാനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 2007 സെപ്തംബര്‍ 5നാണ് മദര്‍ തെരേസയുടെ വിശുദ്ധീകരണത്തിന്റെ പ്രക്രിയ ആരംഭിച്ചത്.
ഈ വ്യാഴാഴ്ച (26 ഓഗസ്റ്റ് 2010) മദര്‍ തെരേസയുടെ ജന്മ ശതാബ്ദിയാണ്. മദര്‍ വിശുദ്ധയാവുന്നത് കാത്ത് അനേകം ലക്ഷം വിശ്വാസികള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും അത് അടുത്തൊന്നും സംഭവിക്കാന്‍ ഇടയില്ല എന്നാണ് വത്തിക്കാനില്‍ നിന്നും ലഭിക്കുന്ന സൂചന. നിലവിലുള്ള അത്ഭുതങ്ങള്‍ തൃപ്തികരമല്ല എന്നാണ് ഇപ്പോള്‍ വത്തിക്കാന്‍ വ്യക്തമാക്കുന്നത്.
2007 സെപ്തംബര്‍ 5ന് മദറിന്റെ പത്താം ചരമ വാര്‍ഷികത്തില്‍ തന്റെ കിഡ്നി സ്റ്റോണ്‍ മദര്‍ തെരേസയോടു പ്രാര്‍ഥിച്ചതിനെ തുടര്‍ന്ന് സുഖമായി എന്ന് ഗുവാഹത്തിയിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ അവകാശപ്പെട്ടു. എന്നാല്‍ ഇത് സഭ തള്ളി ക്കളയുകയാണ് ഉണ്ടായത്.
ഇനി പുതിയ എന്തെങ്കിലും അത്ഭുതത്തിനായി സഭ കാത്തിരിക്കുകയാണ്. പുതിയ എന്തെങ്കിലും അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പക്ഷം ആ രാജ്യത്ത് തന്നെ അതിനെ കുറിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തെ രൂപീകരിക്കും എന്ന് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന അന്വേഷണ സംഘം തലവന്‍ അറിയിക്കുന്നു.
ഇത്തരം അത്ഭുത രോഗ ശാന്തികളുടെ കഥകള്‍ക്ക് ആധികാരികത കല്‍പ്പിക്കപ്പെടുന്ന പക്ഷം അത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാവും സമൂഹത്തിന്റെ താഴെക്കിടയിലും ദരിദ്ര വര്ഗ്ഗത്തിനിടയിലും ഉണ്ടാക്കുന്നത്. അന്ധ വിശ്വാസങ്ങളിലും അത്ഭുത രോഗ ശാന്തികളിലും അഭയം പ്രാപിക്കുന്നതിനു പകരം, ആധുനിക ചികില്‍സാ സമ്പ്രദായത്തിലും, ശാസ്ത്രത്തിലും ഉള്ള വിശ്വാസം ദൃഡപ്പെടുത്തുകയും, യഥാസമയം ചികില്‍സ തേടാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് വേണ്ടത്. ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സ്വാധീനവും ലഭ്യതയും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.