മുകേഷ് അംബാനിയുടേയും ഡാബർ കമ്പനി ഉടമകളുടേയും ഉൾപ്പെടെ നിരവധി പ്രമുഖ വ്യവസായികളുടെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ ഉണ്ടെന്ന വെളിപ്പെടുത്തലുമായി അഴിമതി വിരുദ്ധ ഇന്ത്യ യുടെ നേതാവ് അരവിന്ദ് കെജ്രിവാൾ വീണ്ടും പത്ര സമ്മേളനം നടത്തി. ഇത്തരം വമ്പന്മാരുടെ കള്ളപ്പണം തിരികെ പിടിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. മറിച്ച് ഇവർക്ക് സംരക്ഷണം നൽകാനാണ് സർക്കാരിന് താൽപര്യം.
ഡൽഹിയിൽ നടന്ന പത്ര സമ്മേളനത്തിലാണ് കെജ്രിവാൾ അസുഖകരമായ ഒട്ടേറെ വെളിപ്പെടുത്തലുകൾ നടത്തിയത്. സ്വിസ് ബാങ്കുകളിൽ രഹസ്യ നിക്ഷേപമുള്ള 700 ഇന്ത്യാക്കാരുടെ പട്ടിക സർക്കാരിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ 100 പേരെ മാത്രമെ ഇതു വരെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുള്ളൂ. ഫ്രെഞ്ച് സർക്കാർ നൽകിയ പട്ടിക വെളിപ്പെടുത്താൻ ആവില്ല എന്ന് വ്യക്തമാക്കിയ സർക്കാർ ഇത് സംബന്ധിച്ച് ഒരു ധവള പത്രം പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഈ ധവള പത്രത്തിലാകട്ടെ സ്വിസ് ബാങ്കുകളിലെ ആകെ പണത്തിന്റെ 0.13% മാത്രമാണ് ഇന്ത്യാക്കാരുടേത് എന്ന കണക്കാണ് സർക്കാർ നൽകിയത്.
ഇന്ത്യയിൽ നിന്നും അനധികൃതമായി പണം കടത്താൻ പ്രമുഖ ആഗോള ബാങ്കായ എച്. എസ്. ബി. സി. യും സ്വിസ് ബാങ്കുകളും എല്ലാ വിധ സഹായങ്ങളും ചെയ്യുന്നതായി കെജ്രിവാൾ ചൂണ്ടിക്കാട്ടി.
അദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടർന്ന് ചില സമ്പന്നർ നൽകിയ മൊഴികളെ അടിസ്ഥാനമാക്കിയാണ് തന്റെ വെളിപ്പെടുത്തൽ എന്ന് കെജ്രിവാൾ വ്യക്തമാക്കി. ഇവരുടെ മൊഴികളിൽ നിന്ന് എച്. എസ്. ബി. സി. ബാങ്ക്‍ ഹവാല രീതിയിലാണ് ധന വിനിമയം ചെയ്യുന്നത് എന്ന് മനസ്സിലാക്കാം. ഇത് തന്നെ ബാങ്ക്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ ധാരാളമാണ്.
ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, സഹോദരൻ അനിൽ അംബാനി, ജെറ്റ് എയർവെയ്സ്
ചെയർമാൻ നരേഷ് ഗോയൽ, ഡാബർ കമ്പനിയുടമകളായ ബർമൻ കുടുംബം, യാഷ് ബിർളാ ഗ്രൂപ്പിന്റെ യശോവർദ്ധൻ ബിർള, കോൺഗ്രസ് നേതാവും എം. പി. യുമായ അന്നു ടണ്ടൻ എന്നിവർക്ക് സ്വിസ് ബാങ്കുകളിൽ സമ്പാദ്യമുണ്ട് എന്ന് പേരെടുത്ത് കെജ്രിവാൾ ചൂണ്ടിക്കാണിച്ചു.
ഫ്രെഞ്ച് സർക്കാർ കൈമാറിയ പട്ടികയിൽ മുകേഷ് അംബാനിയുടെ പേര് തങ്ങളുടെ തെറ്റ് കൊണ്ട് കടന്നു വന്നതാണ് എന്ന് കഴിഞ്ഞ വർഷം എച്. എസ്. ബി. സി. ബാങ്ക്‍ ക്ഷമാപണം നടത്തിയത് വാർത്തയായിരുന്നു.