ഹിന്ദുത്വ മൂല്യങ്ങളുടെയും ഭാരതീയ പാരമ്പര്യത്തിന്റെയും മൊത്ത കച്ചവടക്കാരായി സ്വയം അവരോധിച്ച് രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥതകള്‍ ഇളക്കി വിടുകയും, അക്രമങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത ശ്രീരാമ സേന, കൂലിക്ക് തല്ലുന്ന വെറുമൊരു ഗുണ്ടാ സംഘം മാത്രമാണെന്ന് തങ്ങള്‍ കണ്ടെത്തിയതായി തെഹെല്ക ഡോട്ട് കോം അവകാശപ്പെട്ടു. ഇന്ത്യയില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ നല്‍കി, വിവാദപരമായ പല കണ്ടെത്തലുകളും നടത്തിയ തെഹെല്ക ഡോട്ട് കോം തങ്ങളുടെ റിപ്പോര്‍ട്ടര്‍ മുഖാന്തിരം ശ്രീരാമ സേനയുടെ സ്ഥാപകനായ പ്രമോദ് മുത്തലിക്കിനെ തന്നെ കണ്ടാണ് കൂലിക്ക് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ധാരണ ഉണ്ടാക്കിയത്.
ഒരു ഹിന്ദു ചിത്രകാരനായി വേഷമിട്ട തെഹല്‍ക്ക റിപ്പോര്‍ട്ടര്‍ താന്‍ “ലവ് ജിഹാദ്” പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് വെക്കുമ്പോള്‍ അതിനെതിരെ ശ്രീരാമ സേന കലാപമുണ്ടാക്കണം എന്ന ആവശ്യം മുത്തലിക്കിന് മുന്‍പില്‍ അവതരിപ്പിച്ചപ്പോള്‍ ഒരല്‍പ്പം പോലും സങ്കോചമില്ലാതെ അഡ്വാന്‍സായി നല്‍കിയ പതിനായിരം രൂപ മുത്തലിക്ക് വാങ്ങി തന്റെ കീശയിലിട്ടു എന്ന് തെഹെല്ക്ക അറിയിച്ചു. ചിത്ര പ്രദര്‍ശനത്തിനെതിരെ ശ്രീരാമ സേന രംഗത്ത് വന്നാല്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും രാജ്യത്തിനകത്തും പുറത്തും തന്റെ ചിത്രങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യും, ശ്രീരാമ സേനയ്ക്ക് പറഞ്ഞുറപ്പിക്കുന്ന തുക പ്രതിഫലമായി ലഭിക്കുകയും ചെയ്യും – ഇതായിരുന്നു തെഹെല്ക്ക മുത്തലിക്കിന് നല്‍കിയ നിര്‍ദ്ദേശം.
രണ്ടാമതോന്നാലോചിക്കാതെ, ബാംഗലൂരിനു പുറമേ മംഗലാപുരത്തും തങ്ങള്‍ കലാപം ഉണ്ടാക്കാം എന്നായിരുന്നു തെഹെല്‍ക്കയ്ക്ക് ലഭിച്ച മറുപടി.
രണ്ടു നഗരങ്ങളിലും കലാപം ഉണ്ടാക്കാന്‍ 50 ലക്ഷം രൂപയായിരുന്നു തുക. എന്നാല്‍ പിന്നീട് മൈസൂര്‍ നഗരം കൂടി ഉള്‍പ്പെടുത്തി തുക 60 ലക്ഷം എന്ന് ഉറപ്പിച്ചു.
മുസ്ലിങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇടം തെരഞ്ഞെടുത്തു അവിടെ പ്രദര്‍ശനം സംഘടിപ്പിക്കാം. പോലീസിനെ നേരത്തെ തങ്ങളുടെ പദ്ധതി അറിയിച്ചു “സെറ്റ് അപ്പ്” ചെയ്യാം. പ്രദര്‍ശനത്തെ ആക്രമിക്കാനായി 200 പേരുള്ള സംഘം സ്ഥലത്ത് എത്താം. കലാപത്തിനിടയില്‍ കണ്ണില്‍ കാണുന്നവരെ എല്ലാം തല്ലി ചതയ്ക്കാം… ഇതെല്ലാമായിരുന്നു ഇവരുടെ വാഗ്ദാനം എന്നും തെഹെല്ക്ക വെളിപ്പെടുത്തി.
ശ്രീരാമ സേനയുടെ വിവിധ നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ തെഹെല്‍ക്കയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്.



പാക്കിസ്ഥാന് വേണ്ടി ചാര വൃത്തി നടത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇസ്‌ലാമാബാദ് ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ സെക്കണ്ടറി സെക്രട്ടറി ആയി ജോലി ചെയ്തു വരികവെയാണ് ഒരു പാക്കിസ്ഥാനി ഇന്റലിജന്‍സ് ഏജന്റിനു രഹസ്യ വിവരങ്ങള്‍ കൈമാറുന്നതായി ഇന്ത്യന്‍ ഇന്റലിജന്‍സ് വകുപ്പ് കണ്ടെത്തിയത്. തന്റെ പരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങളില്‍ ഇവര്‍ അസാധാരണമായ താല്പര്യം കാണിച്ചതാണ് ഇവരെ കെണിയില്‍ പെടുത്തിയത്. ഈ കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ ഇന്റലിജന്‍സ് വകുപ്പ് ഇവരെ നിരീക്ഷിക്കുകയും ഇവര്‍ പാക്കിസ്ഥാന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തുന്നതായി കണ്ടെത്തുകയും ചെയ്തു. ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞു ഇസ്ലാമാബാദില്‍ നിന്നും ഇവരെ ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
തന്റെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ തങ്ങളുടെ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിക്കുക വഴി യൂട്യൂബും ഗൂഗിളും തന്റെ പേരിനു കളങ്കം ചാര്‍ത്തി എന്ന് ആരോപിച്ചു നടി രഞ്ജിത കോടതിയെ സമീപിക്കും എന്ന് അവരുടെ അഭിഭാഷകന്‍ പ്രശാന്ത് അറിയിച്ചു.
ന്യൂഡല്‍ഹി : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടി പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലൂടെ ബസിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക് കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഉത്തര്‍ പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മല മൂത്ര വിസര്‍ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്കരിക്കേണ്ടി വന്നത് ഈ ഒരു സാഹചര്യത്തിലാണ്.
പട്ടി തേങ്ങ പോതിയ്ക്കാന്‍ പുറപ്പെട്ട പോലെ – ആഭിചാര ക്രിയകള്‍ കൊണ്ട് തന്നെ കൊല്ലാന്‍ ശ്രമിച്ചു പരാജയപ്പെട്ട മന്ത്രവാദിയെ പറ്റി സനല്‍ ഇടമറുക് പറഞ്ഞതാണിത്. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ എതിരാളികള്‍ ആഭിചാര പ്രയോഗം ചെയ്യുന്നു എന്ന ഉമാ ഭാരതിയുടെ വാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ “ഇന്‍ഡ്യ ടി.വി.” എന്ന ടെലിവിഷന്‍ ചാനലിന്റെ സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു ഇന്ത്യയിലെ പല ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസ്സുകാരുടെയും സ്വകാര്യ മന്ത്രവാദിയായ പണ്ഡിറ്റ് സുരേന്ദര്‍ ശര്‍മയും, ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുകും. ചര്‍ച്ച ചൂട് പിടിച്ചപ്പോള്‍ മന്ത്രവാദം കൊണ്ട് ഒരാളെ തനിക്ക് അപായപ്പെടുത്താനും കൊല്ലാനും കഴിയും എന്ന് പറഞ്ഞ പണ്ഡിറ്റ് സുരേന്ദര്‍ ശര്‍മ എന്ന മന്ത്രവാദിയോട് ആ വിദ്യ തന്നില്‍ തന്നെ പ്രയോഗിച്ചു കാണിക്കാന്‍ സനല്‍ വെല്ലുവിളിച്ചതോടെയാണ് രസകരമായ സംഭവ പരമ്പരയുടെ തുടക്കം.
























