
- ന്യൂസ് ഡെസ്ക്
ന്യുഡല്‍ഹി : ആരോഗ്യമേഖലയിലെ തെറ്റായ പ്രവണതകളെ ‘സത്യമേവ ജയതേ’ എന്ന തന്റെ ടെലിവിഷന്‍ പരിപാടിയിലൂടെ തുറന്നുകാട്ടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബോളിവുഡ് നടന്‍ അമീര്‍ ഖാന്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി. ചാനലില്‍ മെയ് 27ന് സംപ്രേക്ഷണം ചെയ്‌ത ‘സത്യമേവ ജയതേ’ എന്ന പരിപാടിയില്‍ ചില ഡോക്‌ടര്‍മാര്‍ സാമ്പത്തിക നേട്ടത്തിനായി മെഡിക്കല്‍ എത്തിക്‌സ് മറികടന്ന് പ്രവര്‍ത്തിക്കുന്നുവെന്നും, നിസാര മരുന്നുകൊണ്ട് സുഖപ്പെടുന്ന അസുഖങ്ങള്‍ക്ക് പോലും ശസത്രക്രിയ നടത്തുന്നുവെന്നും അമീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമീറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ രംഗത്തെത്തിയ ഡോക്‌ടര്‍മാരുടെ സംഘടനകള്‍, പ്രസ്‌താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ലമെന്റിന്റെ വാണിജ്യകാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി തലവനും ബി. ജെ. പി. രാജ്യസഭാ എം.പിയുമായ ശാന്തകുമാര്‍ ആണ് അമീറിനോട് സമിതിക്കു മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ മാപ്പുപറയില്ലെന്നും അസോസിയേഷന് നിയമ നടപടി സ്വീകരിക്കാമെന്നും അമീര്‍ വ്യക്‌തമാക്കി.
‘സത്യമേവ ജയതേ’യിലൂടെ അമീര്‍ഖാന്‍ നേരത്തെ അവതരിപ്പിച്ചത് ചെയ്ത പരിപാടികള്‍ സാമൂഹ്യ തിന്മകളായ പെണ്‍ഭ്രൂണഹത്യ, കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുക, ഗാര്‍ഹിക പീഡനം എന്നിവയ്‌ക്കെതിരെയായിരുന്നു. പതിവ് റിയാലിറ്റിഷോയില്‍ നിന്നും വ്യത്യസ്തമായി അമീര്‍ അവതരിപ്പിക്കുന്ന ‘സത്യമേവ ജയതേ’ ഇതിനകം തന്നെ ഏറെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയതും. രാജസ്ഥാനില്‍ പെണ്‍ഭ്രൂണഹത്യ തടയാന്‍ അതിവേഗ കോടതികള്‍ സ്‌ഥാപിച്ചതും അമീറിന്റെ ഈ ഷോ കഴിഞ്ഞതിനു ശേഷമാണ്.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, വിവാദം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് അര്‍ബുദ ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് അമേരിക്ക ബോസ്റ്റണിലെ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സ തേടിയ യുവരാജ് സിങ്ങിനെ കീമോതെറാപ്പിക്ക് വിധേയനാക്കി. രോഗബാധ ആദ്യഘട്ടത്തില്‍തന്നെ കണ്ടെത്തിയതിനാല്‍ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നും മെയ് മുതല്‍ അദ്ദേഹത്തിന് ക്രിക്കറ്റ് കളി തുടരാന്‍ കഴിയുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ജനുവരി 26 നാണ് യുവരാജ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. ഇപ്പോള്‍ ഭയപ്പെടുവാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
- ന്യൂസ് ഡെസ്ക്
വായിക്കുക: ആരോഗ്യം, ക്രിക്കറ്റ്
ഭോപ്പാല്‍ : മധ്യപ്രദേശ് സര്‍ക്കാര്‍ സ്ക്കൂളുകളില്‍ സൂര്യനമസ്ക്കാരം എന്ന യോഗാസനം കുട്ടികളെ പരിശീലിപ്പിക്കുന്നത് സംബന്ധിച്ച വിവാദം രൂക്ഷമാകുന്നു. ഒരു വശത്ത് നഗരത്തിലെ ഖാസി സൂര്യനമസ്ക്കാരം ചെയ്യുന്നതിന് എതിരെ ഫത്വ പുറപ്പെടുവിച്ചപ്പോള്‍ മറുഭാഗത്ത് സര്‍ക്കാര്‍ പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക റിക്കാര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്.
സൂര്യനമസ്ക്കാരം എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായി ചെയ്യണം എന്നൊന്നും സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ കാവി പുതപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും വിദ്യാര്‍ത്ഥികളെ വര്‍ഗ്ഗീയമായി വിഭജിക്കുകയാണ് എന്നും കോണ്ഗ്രസ് നയിക്കുന്ന പ്രതിപക്ഷം ആരോപിക്കുന്നു.
സൂര്യന് കാവി നിറമോ പച്ച നിറമോ അല്ലെന്നും ആരോഗ്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു വ്യായാമ മുറ മാത്രമാണ് സൂര്യനമസ്ക്കാരം എന്നുമാണ് അധികൃതരുടെ പക്ഷം. ഇത് താല്പര്യമില്ലാത്തവര്‍ ചെയ്യണം എന്ന് നിര്‍ബന്ധവുമില്ല.
എന്നാല്‍ സൂര്യനെ നമസ്ക്കരിക്കുന്നത് വിഗ്രഹ ആരാധനയ്ക്ക് തുല്യമാണ് എന്നാണ് ഇതിനെതിരെ ഫത്വ ഇറക്കിയ ഖാസി പറയുന്നത്.
സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആര്‍. എസ്. എസിന്റെ അജന്‍ഡ നടപ്പിലാക്കുകയാണ് എന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. കഴിഞ്ഞ വര്ഷം പാഠ്യ പദ്ധതിയില്‍ ഭഗവദ് ഗീതയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത് ഏറെ വിമര്‍ശന വിധേയമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ആര്‍. എസ്. എസ്. പ്രസിദ്ധീകരണമായ “ദേവ് പുത്ര” എന്ന മാസിക സര്‍ക്കാര്‍ സ്ക്കൂളുകളില്‍ വിതരണം ചെയ്തതും ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയിരുന്നു.
- ജെ.എസ്.
വായിക്കുക: ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയം, കുട്ടികള്‍, തീവ്രവാദം, മതം, വിദ്യാഭ്യാസം, വിവാദം
പൂനെ : അഴിമതിക്കെതിരെ പോരാടുന്നതിനിടയില്‍ അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അണ്ണാ ഹാസാരെയുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31 നാണ് പെട്ടെന്ന് രോഗം കലശലായ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ എക്സ് റേ, രക്ത പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശുഭോദര്‍ക്കമാണ് എന്ന് ഡോക്ടര്‍മാര്‍ നിരീക്ഷിച്ചു. മൂന്നു ദിവസത്തിനകം അദ്ദേഹത്തിന് ആശുപത്രി വിടാനാകും എന്ന് കരുതുന്നു. എന്നാല്‍ ഒരു മാസം പൂര്‍ണ്ണമായ വിശ്രമം ഹസാരെയ്ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസ്സിനെതിരെ പ്രചാരണത്തിന് രംഗത്തിറങ്ങും എന്ന് അണ്ണാ ഹസാരെ പ്രഖ്യാപിച്ചിരുന്നത് ഇനി എങ്ങനെ നടക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
- ജെ.എസ്.
വായിക്കുക: അഴിമതി, ആരോഗ്യം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം