കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ വ്യാജ മദ്യ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 155 ആയി. 300 ലേറെ പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ടു പോലീസ് ഇത് വരെ 12 പേരെ അറസ്റ്റ് ചെയ്തു.
എ. എം. ആര്‍. ഐ. ആശുപത്രിയില്‍ നടന്ന തീ പിടിത്തത്തിന്റെ ആഘാതത്തില്‍ നിന്നും ഉണര്ന്നെഴുന്നേല്ക്കും മുന്‍പാണ് വ്യാജ മദ്യ ദുരന്തം പശ്ചിമ ബംഗാളിനെ നടുക്കിയിരിക്കുന്നത്. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വിഷ മദ്യം കഴിച്ച നൂറു കണക്കിന് ആളുകളാണ് ഡയമണ്ട് ഹാര്‍ബര്‍ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോട് മല്ലടിച്ച് കഴിയുന്നത്. പെട്ടെന്നുണ്ടായ ദുരന്തത്തില്‍ സ്ഥല സൗകര്യമില്ലാതെ വലയുന്ന ആശുപത്രിയിലെ വരാന്തകളിലും ഗോവണിയിലും വരെ രോഗികള്‍ കിടക്കുന്നു. യുദ്ധ കാലാടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
ഇതിനിടെ രോഷാകുലരായ നാട്ടുകാരുടെ സംഘങ്ങള്‍ വ്യാജ മദ്യം വിതരണം ചെയ്യുന്ന കടകള്‍ തച്ചു തകര്‍ത്തു. ഇവ അധികൃതരുടേയും പോലീസിന്റെയും അറിവോടെ പരസ്യമായാണ് നടത്തി വന്നിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.
സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.