ഭുവനേശ്വര്‍: പോസ്‌കോ പ്രതിരോധ് സംഗ്രാംസമിതി നേതാവും സി പി ഐ ദേശീയ കൗണ്‍സില്‍ അംഗവുമായ അഭയ് സാഹുവിനെ ജഗത്‌സിംഗ് പൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ ബിജുപട്‌നായിക് എയര്‍പോര്‍ട്ടിനു സമീപം പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഇന്ന് ആരംഭിക്കുന്ന എ ഐ വൈ എഫ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി കോയമ്പത്തൂരിലേക്കുള്ള വിമാനത്തില്‍ യാത്രക്കായി എത്തുമ്പോഴാണ് സാഹു അറസ്റ്റിലായത്.
ആഗോള ഉരുക്കുഭീമന്‍ പോസ്‌കോയ്ക്കു വേണ്ടി കൃഷിഭൂമി ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുന്നതിനെതിരെ കഴിഞ്ഞ എട്ടുവര്‍ഷമായി ജഗത്സിംഗ്പൂര്‍ ജില്ലയിലെ ആദിവാസികളും കര്‍ഷകരും നടത്തിവരുന്ന ചെറുത്തുനില്‍പ്പു സമരത്തിന്റെ നേതാവാണ് അഭയ്‌സാഹു. മാര്‍ച്ച് രണ്ടിന് പട്‌ന ഗ്രാമത്തില്‍ നടന്ന ഒരു ബോംബാക്രമണത്തില്‍ മൂന്ന് സംഗ്രാംസമിതി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അധികൃതരുടെ ഒത്താശയോടെ പോസ്‌കോ ദല്ലാളുമാര്‍ സംഘടിപ്പിച്ച ബോംബ് സ്‌ഫോടനത്തിന്റെ പേരില്‍ അഭയ് സാഹുവിനെ പ്രതിയാക്കിയാണ് അറസ്റ്റ്.