ചെന്നൈ: കൂടംകുളം ആണവ നിലയത്തിനെ തിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായതോടെ ആയിരങ്ങള്‍ കടലിലിറങ്ങി പ്രതിഷേധിച്ചു. കഴുത്തറ്റം വെള്ളത്തിൽ ഇറങ്ങിയാണ് ആയിരങ്ങള്‍ പ്രതിഷേധ സമരത്തില്‍ പങ്കു ചേര്‍ന്നത്. തങ്ങളുടെ സമര നായകനായ ഉദയകുമാറിനെ ഒരു കാരണവശാലും പോലീസിനു വിട്ടു കൊടുക്കില്ല എന്ന വാശിയിലാണ് സമരക്കാര്‍. എന്നാല്‍ ക്രിമിനല്‍ കേസ് ചാര്‍ജ്ജു ചെയ്തതിനാല്‍ അറസ്റ്റു ചെയ്തേ പറ്റൂ എന്ന് പോലീസും പറയുന്നു. സമര സമിതി നേതാക്കളായ ഉദയകുമാര്‍, പുഷ്പരാജന്‍ തുടങ്ങിയവര്‍ക്കെതിരെ ദേശദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത് .
ആണവ നിലയത്തില്‍ ആണവ ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തി വെയ്ക്കാന്‍ നടപടി എടുക്കണമെന്നും ഇടിന്തകരൈയില്‍ നിന്നും പരിസരങ്ങളില്‍ നിന്നും പോലീസിനെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമര സമിതിയുടെ ആഭിമുഖ്യത്തില്‍ കടലിലിറങ്ങി സമരം നടക്കുന്നത്. എന്നാല്‍ ഇടിന്തകരൈയിൽ പോലിസ് ഇപ്പോഴും അഴിഞ്ഞാടുകയാണ്. സമരക്കാരുടെ വീടുകളില്‍ കയറി അക്രമം നടത്തുകയും ബോട്ടുകളും വള്ളങ്ങളും വലകളും നശിപ്പിക്കുകയും ചെയ്യുകയാണ്. പോലീസിന്റെ നരനായാട്ടിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം വ്യാപിക്കുകയാണ്. സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നും പോലീസിന്റെ ബല പ്രയോഗത്തില്‍ കേടു പറ്റിയ ബോട്ടുകള്‍ക്കും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സമര സമിതി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടു.