2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് സ്ഥിരം അധ്യക്ഷനെ ലഭിച്ചിട്ടില്ല. സ്ഥാനമൊഴിഞ്ഞ രാഹുൽ ഗാന്ധിക്ക് പകരം മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ പാർട്ടി താൽക്കാലിക അധ്യക്ഷയായി നിയമിക്കുകയാണ് ചെയ്തത്. കഴിഞ്ഞദിവസം നടന്ന പാർട്ടി വർക്കിങ് കമ്മിറ്റിയിൽ നേതൃസ്ഥാനത്തെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നെങ്കിലും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള എഐസിസി സമ്മേളനം ചേരുന്നതുവരെ ഇടക്കാല അധ്യക്ഷസ്ഥാനത്ത് തുടരാൻ പ്രവർത്തക സമിതി സോണിയയോട് ആവശ്യപ്പെടുകയായിരുന്നു. സംഘടനാപരമായ മാറ്റങ്ങൾ നിർവഹിക്കാൻ യോഗം സോണിയയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ നിരവധി സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ നേതൃമാറ്റം അത്യാവശ്യമാണെന്നാണ് വിലയിരുത്തലുകൾ. പുതിയ നേതൃത്വത്തിന് കീഴിലാകണം പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും ഒരുവിഭാഗം പറയുന്നു.
ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) പ്രത്യേക സെഷൻ അടുത്തവർഷം ജനുവരി ആദ്യം ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സെഷനിൽ തന്നെയാകും പാർട്ടിയുടെ അടുത്ത അധ്യക്ഷനെ തെരഞ്ഞെടുക്കുക. തിങ്കളാഴ്ച നടന്ന വർക്കിങ് കമ്മിറ്റിയിൽ ഒരു വർഷത്തിനിടയിൽ സമ്മേളനം ചേരണമെന്നാണ് ഒരു വിഭാഗം പറഞ്ഞതെങ്കിലും രാഹുൽ ഗാന്ധിയും മറ്റും ചില നേതാക്കളും ആറു മാസത്തിനുള്ളിൽ യോഗം ചേരണമെന്ന നിലപാടെടുക്കുകയായിരുന്നെന്ന് ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. അടുത്തവർഷം നിരവധി നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കാനുള്ളത് പരിഗണിച്ചാണ് ഈ തീരുമാനം.
ഈ വർഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുൾപ്പെടെ ആറ് സംസ്ഥാനങ്ങളാണ് പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുന്നത്. നിലവിലെ നേതൃത്വത്തിന് കീഴിൽ ബിഹാർ തെരഞ്ഞെടുപ്പ് നടക്കുമെങ്കിലും 2021 ലെ അഞ്ച് തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നേതൃമാറ്റം ഉണ്ടാകണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.