ന്യൂഡെല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാതെ പ്രതിഷേധിച്ചതിനു ബോക്സിംഗ് താരം എല്‍. സരിതാ ദേവിക്ക് സസ്പെന്‍ഷന്‍. അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ ആണ് സരിതാ ദേവിയേയും പരിശീലകരായ ഗുര്‍ബക്ഷ് സിംഗ് സന്ധു, ഫെര്‍ണാണ്ടസ്, സാഗര്‍ മാല്‍ ദയാല്‍ എന്നിവരെയും സസ്പെന്റ് ചെയ്തത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് സരിതയ്ക്കും പരിശീലകര്‍ക്കും സസ്പെന്‍ഷന്‍.
സസ്പെന്‍ഷന്‍ മൂലം കൊറിയയില്‍ നടക്കുന്ന ലോക ബോക്സിംഗ് ചാമ്പ്യന്‍ ഷിപ്പ് ഉള്‍പ്പെടെ ചില മത്സരങ്ങള്‍ സരിതയ്ക്ക് നഷ്ടമാകും. ഏഷ്യന്‍ ഗെയിംസ് വനിതകളുടെ 60 കിലോഗ്രാം വിഭാഗം സെമി ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റ സരിത ജഡ്ജിമാര്‍ പക്ഷപാതം കാണിച്ചെന്ന് ആരോപിച്ച് മെഡല്‍ നിരസിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മെഡല്‍ സ്വീകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു എങ്കിലും അസോസിയേഷന്‍ അവരെ സസ്പെന്റ് ചെയ്യുകയായിരുന്നു.