അഹമ്മദാബാദ് : ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. വർഗ്ഗീസ് കുര്യൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്ന് രാവിലെ നദിയദ് മുൽജിഭായ് പട്ടേൽ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ രോഗം മൂലമാണ് അന്ത്യം സംഭവിച്ചത് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷീര ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ലോകത്തെ ഏറ്റവും അധികം പാൽ ഉത്പാദിപ്പിക്കുന്ന രാഷ്ട്രമായി വളർത്തി എടുക്കുന്നതിൽ ഡോ. വർഗ്ഗീസ് കുര്യന്റെ ദീർഘ വീക്ഷണവും നേതൃത്വ പാടവവും വഹിച്ച പങ്ക്‍ നിസ്തുലമാണ്. ഓപ്പറേഷൻ ഫ്ലഡ് എന്ന പേരിൽ അദ്ദേഹം ആരംഭിച്ച പദ്ധതിയും അമൂൽ എന്ന ബ്രാൻഡ് ഇന്ത്യയിലെ ഓരോ വീട്ടിലും എത്തിച്ചേർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്.
ഡോ. കുര്യന്റെ നിര്യാണത്തിൽ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കൃഷി, ഗ്രാമ വികസനം, ക്ഷീരോല്പ്പാദനം എന്നീ മേഖലകളിൽ വൻ മുന്നേറ്റം കൊണ്ടു വന്ന് ഇന്ത്യയിൽ ധവള വിപ്ലവത്തിന് കാരണമായ മഹദ് വ്യക്തിയാണ് ഡോ കുര്യൻ എന്ന് രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. ഉപരാഷ്ട്രപതി ഹമീദ് അൻസാരിയും പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്ങും ഡോ. കുര്യന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.