ദത്ത് വിവാദത്തില്‍ വ്യക്തമായ നിലപാടെടുത്തു കൊണ്ട് വത്തിക്കാന്‍ കൊച്ചി ബിഷപ് ജോണ്‍ തട്ടുങ്കലിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇരുപത്തിആറുകാരിയായ ഒരു യുവതിയെ ബിഷപ്പ് ദത്ത് എടുത്തത് ഏറെ വിവാദം ആയിരുന്നു. ഇതേ തുടര്‍ന്ന് ദത്ത് പിന്‍ വലിയ്ക്കാന്‍ ബിഷപ്പ് തയ്യാറായിരുന്നു. എന്നാല്‍ ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കണം എന്ന ആവശ്യത്തില്‍ മറ്റ് പുരോഹിതന്മാര്‍ ഉറച്ചു നിന്നു. ഇതേ തുടര്‍ന്ന് ആണ് വത്തിക്കാന്‍ ഇങ്ങനെ ഒരു നിലപാട് എടുത്തത്.
ഒരു തീര്‍ത്ഥയാത്രയ്ക്കിടെ ആണത്രെ ബിഷപ്പ് ഈ യുവതിയെ കണ്ടുമുട്ടിയത്. യുവതിയ്ക്ക് അസാധാരണമായ എന്തോ ആത്മീയ ശക്തികള്‍ ഉണ്ടെന്ന് തനിയ്ക്ക് അനുഭവപ്പെട്ടു എന്നാണ് ബിഷപ്പ് പിന്നീട് ദത്തിനെ പറ്റി വിവാദം ഉയര്‍ന്നപ്പോള്‍ പറഞ്ഞത്. ഇവള്‍ എപ്പോഴും തനിയ്ക്കരികില്‍ ഉള്ളത് തനിയ്ക്കും ഒരു നവ്യമായ ആത്മീയ ശക്തി പകരുന്നു. ഇതിനു വേണ്ടിയാണ് യുവതിയെ താന്‍ ദത്തു പുത്രിയാക്കിയത് എന്നും ബിഷപ്പ് വിശദീകരണം നല്‍കുകയുണ്ടായി.
ഏതായാലും അടുത്തയിടെ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ച കേരളത്തില്‍ ഇതൊന്നും വില പോയില്ല എന്നു വേണം കരുതുവാന്‍. വത്തിക്കാന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബിഷപ്പിന്റെ നടപടി ധാര്‍മ്മികതയ്ക്കും പൌരോഹിത്യ മൂല്യങ്ങള്‍ക്കും എതിരാണെന്നാണ് കണ്ടെത്തിയത്.
സഭയുടെ ആദ്യ കാലഘട്ടത്തില്‍ പുരോഹിതര്‍ക്ക് വിവാഹം അനുവദനീയം ആയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ക്ക് വിവാഹം നിരോധിയ്ക്കുകയുണ്ടായി.
ബിഷപ്പിനെ അധികാരങ്ങളില്‍ നിന്നും പൌരോഹിത്യ കര്‍മ്മങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരിയ്ക്കുകയാണ് എന്ന് കാത്തലിക് ബിഷപ് കൌണ്‍സിലിനു വേണ്ടി ഫാദര്‍ സ്റ്റീഫന്‍ ആല്‍ത്തറ അറിയിച്ചു.