കാശ്മീര്‍: പൂഞ്ച് ജില്ലയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ നാട്ടുകാരനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരായ ഒരു സ്പെഷ്യല്‍ പൊലീസ് ഓഫീസറെയും ലോക്കല്‍ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെയും അറസ്റ്റു ചെയ്തു. ആര്‍ . പി. സി 302 വകുപ്പ് പ്രകാരം അറസ്റ്റ് ചെയത വിവരം മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഓപ്പറേഷന്‍ നടന്നതിന് ശേഷമുള്ള വിവരം വിദേശിയായ തീവ്രവാദിയെ കൊന്നു എന്നായിരുന്നെങ്കിലും പിന്നീടാണ് സത്യാവസ്ഥ മനസ്സിലാക്കാനായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. തെറ്റായ വിവരമാണ് സൈന്യത്തിന് കൈമാറിയതെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനില്‍ പരിശീലനം നേടിയ ലഷ്‌കറെ ത്വയിബ കമാന്‍ഡറെ ജമ്മു മേഖലയിലെ പൂഞ്ച് ജില്ലയില്‍ സുറന്‍കോട്ടെ ഏരിയയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന വെടിവെയ്പ്പിലൂടെ കൊലപ്പെടുത്തി എന്നാണ് ആര്‍മി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ മരണപ്പെട്ടത് നാട്ടുകാരനാണെന്ന് സംഭവമറിഞ്ഞെത്തിയ ജനക്കൂട്ടം തിരിച്ചറിയുകയായിരുന്നു അതോടെ ജനങ്ങള്‍ പരാതിയിമായി എത്തി. ഇത്തരത്തില്‍ മുമ്പും പലതവണ വ്യാജ ഏറ്റുമുട്ടലുകള്‍ കാശ്മീരില്‍ ഉണ്ടായിട്ടുണ്ട് .