നോയ്ഡ : പത്തൊന്‍പതോളം കുട്ടികളാണ് നോയ്ഡ നിതാരിയില്‍ നിന്നും കാണാതായത്. പോലീസും അധികൃതരും പരാതികള്‍ കിട്ടിയിട്ടും ഇരകളുടെ കുടുംബങ്ങള്‍ ദാരിദ്രരായത് കൊണ്ട് മാത്രം നടപടികള്‍ സ്വീകരിക്കാഞ്ഞതിനാലാണ് മരണ സംഖ്യ ഇത്രയധികമായത്. കാണാതായ പായല്‍ എന്ന പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ പോയതിനു ശേഷം തിരികെ വന്നില്ല എന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ മൊഴി മാത്രം മതിയായിരുന്നു പോലീസിനു അന്വേഷണം നടത്തി കൊലയാളിയെ തളയ്ക്കാന്‍.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം, 2007 മെയ് 7ന് കാണാതായ പായല്‍ എന്ന ഇരുപതു കാരിയുടെ കൈവശം ഉണ്ടായിരുന്ന ഒരു മൊബൈല്‍ ഫോണിന്റെ ഐ. എം. ഇ. ഐ. നമ്പര്‍ (IMEI – International Mobile Equipment Identifier) ഒരു മൊബൈല്‍ ഫോണ്‍ കമ്പനിയുടെ സ്ക്രീനില്‍ തെളിഞ്ഞതാണ് നിതാരി കൂട്ടക്കൊല കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്. മൊബൈല്‍ കമ്പനി ഉടന്‍ തന്നെ വിവരം നോയ്ഡ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെ അറിയിച്ചു.
സ്ഥലത്തെ ധനികനായ മോനീന്ദര്‍ സിംഗ് പാന്തെറിന്റെ വീട്ടിലേക്ക് പോയ തന്റെ മകള്‍ തിരിച്ചു വന്നില്ല എന്ന് അടുത്ത ദിവസം തന്നെ പായലിന്റെ അച്ഛനായ നന്ദലാല്‍ പോലീസില്‍ പരാതിപ്പെട്ടതാണ്. മോനീന്ദറിനെയും അയാളുടെ വേലക്കാരന്‍ സുരേന്ദറിനെയും സംശയമുണ്ടെന്ന് പോലീസില്‍ പേരെടുത്ത് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനു ശേഷം നന്ദലാല്‍ പല ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ചെന്ന് കണ്ടുവെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
ഒടുവില്‍ അയാള്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവിന് മറുപടിയായി പോലീസ് പായല്‍ ഒരു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണെന്നും അവള്‍ കാമുകനോടൊപ്പം ഒളിച്ചോടി പോയതാണെന്നും കോടതിയെ അറിയിച്ചു.
എന്നാല്‍ കോടതി പോലീസിനോട് പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. പായലിനെ കാണാതായി 5 മാസം കഴിഞ്ഞാണ് അവസാനം പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ മോനീന്ദറിനെ രക്ഷിക്കാന്‍ ഉറപ്പിച്ച പോലീസ് അലഹബാദ് ഹൈക്കോടതിയില്‍ അയാള്‍ക്ക് അനുകൂലമായി സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറും ഒരു പോലീസുകാരനും ഇതിനായി അലഹബാദിലേക്ക് പോയത് മോനീന്ദറിന്റെ ചിലവിലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. ഇത് പിന്നീട് സി. ബി. ഐ. യാണ് കണ്ടെത്തിയത്.
മോനീന്ദര്‍ സിംഗ് പാന്തെറും സുരേന്ദര്‍ കോലിയും
ഇതിനിടെ കാണാതായ പെണ്‍കുട്ടിയുടെ അച്ഛനെ പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രതികളായ മോനീന്ദറിന്റെയും സുരേന്ദറിന്റെയും മുന്നിലിട്ട് പോലീസ് പൊതിരെ തല്ലി. മകളെയും മരുമകളെയും വെച്ച് അയാള്‍ വീട്ടില്‍ വേശ്യാലയം നടത്തുകയാണെന്ന് പറഞ്ഞു അപഹസിച്ചു. നന്ദലാലിന്റെ മകനെയും മരുമകളെയും പോലീസ് തല്ലി ചതയ്ക്കുകയും കാണാതായ പായല്‍ ഒരു വേശ്യയാണ് എന്ന് ഇവരെ കൊണ്ട് മൊഴി എഴുതി വാങ്ങിക്കുകയും ചെയ്തു. ഇതിനു പുറമേ പോലീസ് ഗ്രാമ വാസികളെ വിളിച്ചു കൂട്ടി പായല്‍ ഒരു വേശ്യയായിരുന്നു എന്ന് കൊട്ടിഘോഷിക്കുകയും ചെയ്തു.
പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ദിവസങ്ങള്‍ കടന്നു പോകുന്നതിനിടെയാണ് ഒരു ദിവസം പായലിന്റെ ഫോണ്‍ മൊബൈല്‍ നെറ്റ്വര്‍ക്കില്‍ സജീവമായത്. മൊബൈല്‍ കമ്പനി അറിയിച്ചതിനെ തുടര്‍ന്ന് സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെ ഈ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അത് സുരേന്ദറിന്റെ കൈവശം കണ്ടെത്തി. തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പായലിനെ താന്‍ കൊന്നതിനു ശേഷം വെട്ടി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. വാര്‍ത്ത പുറത്തായതോടെ ഗ്രാമത്തില്‍ നിന്നും കാണാതായ കുട്ടികളുടെ ബന്ധുക്കള്‍ മോനീന്ദറിന്റെ വീട്ടില്‍ പാഞ്ഞെത്തി ഓട മുഴുവന്‍ പരിശോധിച്ചു.
എല്ലുകളും മറ്റും പെറുക്കിയെടുത്തു. 4 കൊലപാതകങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ 19 ഓളം കുട്ടികള്‍ ഗ്രാമത്തില്‍ നിന്നും കാണാതായിട്ടുണ്ട്.
കാണാതായ കുട്ടികള്‍
മാധ്യമങ്ങള്‍ കൂടി സ്ഥലത്ത് എത്തിയതോടെ കുറ്റവാളികളെ സംരക്ഷിക്കാന്‍ പോലീസിന് കഴിയാതെ വന്നു. സംഗതി പരസ്യമായതോടെ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. കുറെ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കൂട്ടത്തില്‍ ഈ അന്വേഷണം സജീവമാക്കിയ സബ് ഇന്‍സ്പെക്ടര്‍ വിനോദ് പാണ്ടെയെയും സസ്പെന്‍ഡ് ചെയ്തു. മൂടി വെച്ചിരുന്ന കേസ് കുത്തി പൊക്കി പോലീസിന് തലവേദന സൃഷ്ടിച്ചതിന്റെ പ്രതികാരം.
കാണാതായ കുട്ടികളെ ബലാല്‍സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ചു കൊല്ലുകയുമായിരുന്നു. ഇതിനു ശേഷം ശരീരം വറ്റി നുറുക്കി ഓടയില്‍ ഒഴുക്കി കളഞ്ഞു എന്നാണ് മോഴിയെങ്കിലും മനുഷ്യ മാംസം ഭക്ഷിച്ചിരുന്നുവോ എന്നും സംശയമുണ്ട്. തന്റെ യജമാനന്‍ നിരപരാധിയാണെന്ന് സുരേന്ദര്‍ ആണയിട്ട് പറയുന്നുണ്ടെങ്കിലും പാന്തെറിനെ വെറുതെ വിടുന്നതിനെതിരെ സി. ബി. ഐ. നല്‍കിയ ഹരജി കോടതി കോടതി നിതാരിയിലെ മറ്റു കൊലപാതകങ്ങള്‍ കൂടി തെളിയുന്നതിനൊപ്പം പരിഗണിക്കാം എന്ന നിലപാടാണ് സ്വീകരിച്ചത്. കേസ് സങ്കീര്‍ണ്ണമാണ് എന്ന് നിരീക്ഷിച്ച കോടതി സ്വന്തം വീട്ടില്‍ നടന്ന ഇത്രയേറെ കൊലപാതകങ്ങള്‍ താന്‍ അറിഞ്ഞില്ല എന്ന മോനീന്ദറിന്റെ വാദം സ്വീകരിച്ചിട്ടില്ല.