ന്യൂഡല്‍ഹി : രാജ്യദ്രോഹ കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ബിനായക് സെന്നിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം നിഷേധിച്ചു കൊണ്ട് ഛത്തീസ്ഗഢ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഡോ. ബിനായക് സെന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചു കൊണ്ട് ഉത്തരവായത്.
നക്സല്‍ അനുഭാവിയാണ് എന്നത് കൊണ്ട് ബിനായക് സെന്‍ രാജ്യദ്രോഹി ആണ് എന്ന് പറയാനാവില്ല എന്ന സുപ്രധാന നിരീക്ഷണം ജാമ്യം അനുവദിച്ചു കൊണ്ട് ഇറക്കിയ ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി. ഒരാളുടെ കയ്യില്‍ നിന്നും ഗാന്ധിയന്‍ സാഹിത്യം കണ്ടെത്തി എന്നത് കൊണ്ട് അയാള്‍ ഗാന്ധിയന്‍ ആണ് എന്ന് പറയാനാവില്ല. ഡോ. ബിനായക് സെന്‍ നക്സല്‍ അനുഭാവം ഉള്ള ആള്‍ ആയിരിക്കാം. എന്നാല്‍ ഇത് അദ്ദേഹത്തെ രാജ്യദ്രോഹി ആക്കുന്നില്ല. നക്സല്‍ സാഹിത്യം കൈവശം വെച്ച് എന്നത് രാജ്യദ്രോഹത്തിനുള്ള തെളിവല്ല എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
രാജ്യദ്രോഹ കുറ്റം ചാര്ത്താനായി സംസ്ഥാനം ഹാജരാക്കിയ മറ്റു തെളിവുകളും പ്രസക്തമല്ല എന്ന് കോടതി ചൂണ്ടിക്കാട്ടി.
ഡോ. ബിനായക് സെന്‍ പിയുഷ് ഗുഹ എന്നയാളെ ജയിലില്‍ നിരവധി തവണ സന്ദര്‍ശിക്കുകയും നക്സല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറുകയും ചെയ്തു എന്ന പോലീസിന്റെ വാദത്തില്‍ കഴമ്പില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ജയില്‍ സന്ദര്‍ശകരെ ജയില്‍ അധികൃതര്‍ വിശദമായ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കി മാത്രമാണ് തടവുകാരെ കാണാന്‍ അനുമതി നല്‍കുന്നത്. ജയില്‍ ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ ആണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ആ നിലയ്ക്ക് ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ഡോ. സെന്‍ നക്സല്‍ രേഖകള്‍ കൈമാറി എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവില്ല എന്നും കോടതി അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം