ഇംഫാല്‍ : മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിള തന്നെയും സര്‍ക്കാര്‍ അണ്ണാ ഹസാരെയെ പോലെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ താനും സമരം നിര്‍ത്തും. തന്റെ സമരത്തെ സര്‍ക്കാര്‍ വ്യത്യസ്തമായാണ് കാണുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മൂക്കുകയര്‍ ഇട്ടു കൊണ്ട് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ തടവിലായതിനാല്‍ അതിനു കഴിഞ്ഞില്ല. താന്‍ കഴിഞ്ഞ 11 വര്‍ഷമായി നടത്തി വരുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ അണ്ണാ ഹസാരെ മണിപ്പൂരില്‍ എത്തും എന്ന് താന്‍ ആശിക്കുന്നു. എന്നാല്‍ ഇതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ല എന്നും ശര്‍മിള പറഞ്ഞു.
2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇംഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.