ന്യൂഡല്‍ഹി : മനു അഭിഷേക് സിംഗ്‌വിയെ എ. ഐ. സി. സി. വക്താവിന്റെ സ്ഥാനത്തു നിന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീക്കിയതായി കോണ്‍ഗ്രസ്സ് നേതൃത്വം അറിയിച്ചു. കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച അന്യ സംസ്ഥാന ലോട്ടറി ക്കേസില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായതിന്റെ പേരിലാണ് നടപടി. ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനം എ. ഐ. സി. സി. മാധ്യമ വിഭാഗം ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ജനാര്‍ദന്‍ ദ്വിവേദിയാണ് മാധ്യമങ്ങളെ അറിയിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം അന്യ സംസ്ഥാന ലോട്ടറിക്കെതിരെ സി. പി. എമ്മുമായി കൊമ്പു കോര്‍ത്തിരി ക്കുകയായിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്തമായ ഒരു രാഷ്ടീയ ആയുധമായി കോണ്‍ഗ്രസ്സിന്റെ സംസ്ഥാന നേതൃത്വം ഇതിനെ ഉയര്‍ത്തി ക്കൊണ്ടു വരികയായിരുന്നു. ഇതു സംബന്ധിച്ച് കേരളത്തിലുടനീളം ആരോപണങ്ങളും സംവാദങ്ങളും ചൂടു പിടിച്ചിരിക്കുന്ന സമയത്തായിരുന്നു അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടിയുള്ള സിംഗ്‌വിയുടെ രംഗ പ്രവേശം. കോണ്‍ഗ്രസ്സിന്റെ ദേശീയ വക്താവു തന്നെ അന്യ സംസ്ഥാന ലോട്ടറിക്കാര്‍ക്കു വേണ്ടി ഹൈക്കൊടതിയില്‍ ഹാജരായതോടെ ഈ വിവാദത്തില്‍ സി. പി. എമ്മിനെതിരെ ആഞ്ഞടിച്ചിരുന്ന സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്തിനു തിരിച്ചടിയായി. തുടര്‍ന്ന് കെ. പി. സി. സി. നേതൃത്വം സിംഗ്‌വി ക്കെതിരെ ഹൈക്കമാന്റിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തല്‍ക്കാലത്തേക്ക് വക്താവിന്റെ സ്ഥാനത്തു നിന്നും സിംഗ്വിയെ മാറ്റിയത്. വിഷയം ഇപ്പോള്‍ എ. ഐ. സി. സി. അച്ചടക്ക സമിതിയുടെ പരിഗണനയിലാണ്.