ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിനു നേരെ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഹിന്ദു രക്ഷക് ദള്‍ നേതാവ് പിങ്കി ചൌധരിയെ പോലീസ് അറസ്റ്റ് ചെയ്തു. കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ച് ജനഹിത പരിശോധന നടത്തണമെന്ന പ്രമുഖ അഭിഭാഷകനും എ. എ. പി. നേതാവുമായ പ്രശാന്ത് ഭൂഷന്റെ അഭിപ്രായ പ്രകടനത്തില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമണം. നാല്പതോളം വരുന്ന അക്രമി സംഘം എ. എ. പി. യുടെ കൌശാംബിയിലെ ഓഫീസിനു നേരെ കല്ലും വടികളും വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന്റെ ജനാല ചില്ലുകള്‍ തകര്‍ന്നു.
രൂക്ഷമായ ഭാഷയിലാണ് ഹിന്ദു രക്ഷക് ദളിന്റെ ആക്രമണത്തോട് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചത്. തന്നെയോ പ്രശാന്ത് ഭൂഷണേയോ കൊന്നാല്‍ കാശ്മീര്‍ പ്രശ്നം തീരുമോ എന്ന് ദില്ലി മുഖ്യമന്ത്രിയും എ. എ. പി. നേതാവുമായ അരവിന്ദ് കേജ്‌രിവാള്‍ ചോദിച്ചു. അങ്ങിനെ തീരുമെങ്കില്‍ താന്‍ മരിക്കുവാന്‍ തയ്യാറാണെന്നും അവര്‍ നിശ്ചയിക്കുന്ന സമയവും തിയതിയും അറിയിച്ചാല്‍ മതി പോകാന്‍ തയ്യാറാണെന്നും കേജിരിവാള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ബി. ജെ. പി. ബന്ധമുള്ള സംഘടനകളാണെന്ന് പ്രശാന്ത് ഭൂഷന്‍ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ട് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിക്ക് കാശ്മീരിലെ സൈനിക വിന്യാസം സംബന്ധിച്ചുള്ള വിഷയവുമായി ബന്ധപ്പെട്ട പരാമര്‍ശം തലവേദനയായിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ അഭിപ്രായത്തെ ആം ആദ്മി പാര്‍ട്ടി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം ദില്ലിയിലെ വനിതാ മന്ത്രിയുടെ കാറിനു നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.