ന്യൂഡെല്‍ഹി: പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഖുശ്‌വന്ത് സിങ്ങ് (99) അന്തരിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെ ഡെല്‍ഹിയിലെ സുജന്‍ സിങ്ങ് പാര്‍ക്കിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. 1974-ല്‍ പത്മഭൂഷനും, 2007-ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
അവിഭക്ത ഇന്ത്യയിലെ പഞ്ചാബിലെ ഹഡാലി ജില്ലയില്‍ പ്രമുഖ ബില്‍ഡര്‍ അയിരുന്ന സര്‍ ശോഭാ സിങ്ങിന്റെ മകനായി 1915- ഫെബ്രുവരി 2നു ഒരു പഞ്ചാബി കുടുമ്പത്തില്‍ ആയിരുന്നു ഖുശ്‌വന്ത് സിങ്ങിന്റെ ജനനം. ഡെല്‍ഹിയിലെ മോഡല്‍ സ്കൂള്‍, ലാഹോറിലെ സര്‍ക്കാര്‍ കോളേജ് ഡെല്‍ഹിയിലെ സെന്റ് സ്പ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. എല്‍.എല്‍.ബി പാസായ ശേഷം ഇംഗ്ലണ്ടില്‍ പോയി കിങ്സ് കോളേജില്‍ നിന്നും ബാരിസ്റ്റര്‍ ബിരുദം നേടി. തിരിച്ചെത്തിയ ശേഷം കുറച്ചു കാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായി ജോലി നോക്കി.
ജോലി രാജിവെച്ച് പത്രപ്രവര്‍ത്തനത്തിലേക്കും സാഹിത്യരംഗത്തേക്കും തിരിഞ്ഞു. ഇല്ലസ്ട്രേറ്റഡ് വീക്ക്‍ലി ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷ്ണല്‍ ഹെറാള്‍ഡ് എന്നിവയില്‍ എഡിറ്റര്‍ ആയും യോജനയുടെ സ്ഥാപക എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായും പ്രവര്‍ത്തിച്ചു. ഖുശ്‌വന്ത് സിങ്ങിന്റെ കോളങ്ങള്‍ രാജ്യാന്തര തലത്തിലും പ്രശസ്തമായി. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികളും ലേഖനങ്ങളും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. ദി കമ്പനി ഓഫ് വിമണ്‍, എ ഹിസ്റ്ററി ഓഫ് സിഖ്സ്, ട്രാജഡി ഓഫ് പഞ്ചാബ്, വീ ഇന്ത്യന്‍സ്, ഡെല്‍ഹി: എ നോവല്‍, പാരഡൈസ് ആന്റ് അദര്‍ സ്റ്റോറീസ്, ദി സണ്‍സെറ്റ് ക്ലബ്, ബറിയല്‍ അറ്റ് ദി സീ, ഡെത്ത് അറ്റ് മൈ ഡോര്‍സ്റ്റെപ്സ്, ബ്ലക്ക് ജാസ്മിന്‍ എന്നിവയാണ് പ്രധാന കൃതികള്‍.
- എസ്. കുമാര്‍