ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.
തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.
സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.
തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.
വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.