- എസ്. കുമാര്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, വിവാദം
ന്യൂഡൽഹി : അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനെ മടുത്ത ജനം രാജ്യത്തെ രാഷ്ട്രീയ രംഗം ഉടച്ചു വാർക്കാൻ തീരുമാനം എടുത്തതായി തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയുടെ പ്രാരംഭ പ്രഖ്യാപനമായി സാമൂഹ്യ പ്രവർത്തകൻ അരവിന്ദ് കെജ്രിവാൾ അറിയിച്ചു. സാധാരണക്കാരന് ഇതൊരു സുപ്രധാന ദിനമാണ്. ദുസ്സഹമായ വിലക്കയറ്റത്തിന് എതിരെയും അനുദിനം പെരുകുന്ന അഴിമതിക്കെതിരെയും ഉള്ള ജനകീയ മുന്നേറ്റമാണിത് എന്ന് “ഞാൻ ഒരു സാധാരണക്കാരൻ – എനിക്ക് ജന ലോൿപാൽ വേണം” എന്ന് മുദ്രണം ചെയ്ത ഗാന്ധിത്തൊപ്പി അണിഞ്ഞ കെജ്രിവാൾ പ്രഖ്യാപിച്ചു.
അഭിപ്രായ ഭിന്നതകൾ കാരണം അന്നാ ഹസാരെയുമായി വഴി പിരിഞ്ഞ അദ്ദേഹം താനും അന്നാ ഹസാരെയുമായി വഴക്കൊന്നുമില്ല എന്ന് വ്യക്തമാക്കി. പുതിയ പാർട്ടിയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. അടുത്ത തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ മൽസരിക്കും. പുതിയ പാർട്ടി ജനങ്ങളുടെ പാർട്ടിയാണ്. ജനങ്ങൾ നൽകുന്ന പണം കൊണ്ടായിരിക്കും പാർട്ടിയുടെ പ്രവർത്തനം. ജനങ്ങൾ തന്നെ പ്രചാരണം നടത്തും. ജനങ്ങൾ തന്നെ തെരഞ്ഞെടുപ്പിൽ മൽസരിക്കും. തങ്ങൾ നല്ല സ്ഥാനാർത്ഥികളെ തെരഞ്ഞെടുപ്പിൽ നിർത്തിയാൽ അന്നാ ഹസാരെയുടെ പിന്തുണ തങ്ങൾക്ക് ലഭിക്കും എന്നും കെജ്രിവാൾ പ്രത്യാശ പ്രകടിപ്പിച്ചു.
- ജെ.എസ്.
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം
ഹരിയാന : ബി. ജെ. പി. യുടെ ദേശീയ നേതൃയോഗത്തിൽ പങ്കെടുക്കുന്നതിന് പകരം ബാംഗ്ലൂരിൽ നടക്കുന്ന ത്രിദിന ആർട്ട് ഓഫ് ലിവിംഗ് കോഴ്സിന് ചേർന്ന യെദ്യൂരപ്പയ്ക്ക് ഏതായാലും മനഃസ്സമാധാനം പൂർണ്ണമായും നഷ്ടപ്പെട്ടു. കർണ്ണാടക മുൻ മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് കർണ്ണാടക പാർട്ടി പ്രസിഡണ്ട് സ്ഥാനം ലഭിക്കാത്തതിൽ കടുത്ത അമർഷമാണ്. അടുത്ത വർഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാൻ തയ്യാറെടുക്കുന്ന പാർട്ടി തന്നെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി ദേശീയ യോഗത്തിൽ നിന്നും വിട്ടു നിന്നത്.
ബി.ജെ.പി.ക്കെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് അദ്ദേഹം പ്രതികരിക്കുന്നത്. വാജ്പേയിക്ക് ശേഷം ബി.ജെ.പി. യിൽ ദേശീയ തലത്തിൽ നേതൃത്വം പരാജയമായിരുന്നു. സദാനന്ദ ഗൌഡയെ മുഖ്യമന്ത്രി ആക്കിയ വേളയിൽ 24 മണിക്കൂറിനകം തന്നെ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ആക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ നിതിൻ ഗഡ്കരി പറഞ്ഞതാണ്. എന്നാൽ അത് സംഭവിച്ചില്ല. പല സംസ്ഥാന നേതാക്കളേയും ബി. ജെ. പി. ബലിയാടുകളാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസ് ഇതു വരെ ആരെയും ബലിയാടാക്കിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി. യിൽ നിന്നും അകന്നു പോവുന്ന താൻ തന്റെ അനുയായികളുടെ ഇംഗിതം അറിഞ്ഞതിന് ശേഷം പുതിയൊരു പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് ഡിസംബറിൽ തീരുമാനം എടുക്കും. 2013 ന്റെ തുടക്കത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാവുന്ന അവസരത്തിൽ ഈ നീക്കം തന്ത്ര പ്രധാനമാണ്.
- ജെ.എസ്.
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍
ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.
തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.
സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.
തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.
വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.
- ജെ.എസ്.
പാറ്റ്ന: താന്‍ പ്രാദേശിക നേതാവാണെന്നും അതില്‍ അഭിമാനിക്കുന്നു എന്നും എന്നാല്‍ രാഹുല്‍ ഗാന്ധി രാജ്യാന്തര നേതാവാണെന്നും അദ്ദേഹത്തിന് ഇറ്റലിയിലും മത്സരിക്കാമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. രാജ് കോട്ടില്‍ വിവേകാനന്ദ യുവജന കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മോഡി. രാഹുല്‍ ദേശീയ നേതാവും മോഡി പ്രാദേശിക നേതാവുമാണെന്ന കോണ്‍ഗ്രസ് വക്താവ് റഷീദ് അല്‍വി നടത്തിയ പരാമര്‍ശത്തിനു മറുപടിയായാണ് മോഡി ഇപ്രകാരം പറഞ്ഞത്. പിന്നീട് റഷീദ് അല്‍വിയുടെ പരാമര്‍ശം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങും ആവര്‍ത്തിച്ചിരുന്നു.
- എസ്. കുമാര്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍