ഡല്‍ഹി: രാഷ്‌ട്രപതി സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മലക്കം മറിഞ്ഞു. പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കണമെന്ന സോണിയാ ഗാന്ധിയുടെ നിര്‍ദേശം മമതാ ബാനര്‍ജിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവും തള്ളി. പകരം പ്രധാനമന്ത്രി മന്മോഹന്‍ സിംഗിനെ പരിഗണിച്ചാല്‍ പിന്തുണക്കാമെന്ന് സോണിയ ഗാന്ധിക്ക് ഉറപ്പു കൊടുത്തു. അബ്‌ദുല്‍ കലാം, സോമനാഥ് ചാറ്റര്‍ജി എന്നിവരുടെ പേരുകളും സ്വീകാര്യമാണെന്ന് ഇരുവരും സോണിയയെ അറിയിച്ചു. കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ല എന്ന് മമതയും മൂലായവവും തീരുമാനിച്ചതോടെ പ്രണബ് മുഖര്‍ജി ഹമീദ് അന്‍സാരി എന്നിവരുടെ സാധ്യത മങ്ങിയിരിക്കുകയാണ്. സി. പി. ഐ. ആണെങ്കില്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ല എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സി. പി. എമ്മും കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ സാധ്യത കുറവാണ്. അവസാന അടവെന്ന നിലയില്‍ മന്മോഹന്‍ സിംഗിനെ തന്നെ രംഗത്ത് ഇറക്കാന്‍ സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അങ്ങിനെ വന്നാല്‍ പ്രസിഡന്റാകുന്ന ആദ്യ പ്രധാനമന്ത്രിയാകും മന്‍മോഹന്‍സിംഗ്. പ്രണബിനെയോ എ. കെ. ആന്റണിയെയോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.