ന്യൂഡല്‍ഹി: വില വര്‍ധിപ്പിക്കാന്‍ കാരണം എണ്ണ കമ്പനികള്‍ ഒരു ലിറ്ററിന് 1.50 പൈസ നഷ്ടത്തിലാണ് പെട്രോള്‍ വില്‍ക്കുന്നത് എന്ന കണക്ക് പറയുന്ന രാജ്യത്തെ എണ്ണക്കമ്പനികള്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയത് 11,432 കോടി രൂപയുടെ ലാഭം. റിലയന്‍സിന്‍റെ കഴിഞ്ഞ ത്രൈമാസത്തില്‍ മാത്രം ലാഭം 5,136 കോടിയാണ്. എന്നാല്‍ ഫ്രാന്‍സിലെ കാനില്‍ ജി-20 സമ്മേളനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിക്കാനാണു ശ്രമിച്ചത്. ഇന്ധന വിലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം പൂര്‍ണമായും നീക്കുന്ന ദിശയില്‍ മുന്നോട്ടു പോകുകയാണു വേണ്ടതെന്ന നിലപാട് അദ്ദേഹം തുറന്നു പറഞ്ഞു. വിപണിക്കു സ്വന്തം നിലയില്‍ നില്‍ക്കാന്‍ കഴിയണമെന്നു പറഞ്ഞ അദ്ദേഹം പെട്രോളിന്റെ കാര്യത്തിലെന്ന പോലെ ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലനിര്‍ണയവും കമ്പനികള്‍ക്കു കൈമാറാനുള്ള നീക്കത്തില്‍നിന്നു പിന്നോട്ടില്ലെന്നു വ്യക്‌തമാക്കുകയാണു ചെയ്‌തത്. ഇവയുടെ വില പുതുക്കുന്നതിനു വേണ്ടി ഉന്നതാധികാര മന്ത്രിസഭാ സമിതി യോഗം ചേരാനിരിക്കെയാണ് ഇത്. ഇതിലും കനത്ത അടിയാണു വരാനിരിക്കുന്നതെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. പ്രധാനമന്ത്രിയുടെ ഈ നീക്കത്തില്‍ കോണ്‍ഗ്രസി നകത്ത് നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യു.പി.എ. സഖ്യത്തിനുള്ളില്‍ നിന്നും ഭീഷണികളും സമ്മര്‍ദങ്ങളും ശക്‌തമായ സാഹചര്യത്തില്‍ കണ്ണില്‍ പൊടിയിടാന്‍ വിലവര്‍ധനയില്‍ നേരിയ ഇളവു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി യെടുക്കുമെന്നാണു സൂചന. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇന്നു ഫ്രാന്‍സില്‍നിന്നു തിരിച്ചെത്തിയശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.