

- ലിജി അരുണ്‍
വായിക്കുക: അന്താരാഷ്ട്രം, പരിസ്ഥിതി, പ്രതിഷേധം

പരമക്കുടി : തമിഴ്നാട്ടിലെ പരമക്കുടിയില്‍ അക്രമാസക്തമായ ജനക്കൂട്ടത്തിനു നേരെ നടത്തിയ പോലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 7 ആയി. ദളിത് നേതാവായ ജോണ്‍ പാണ്ഡ്യനെ മോചിപ്പിക്കണം എന്ന ആവശ്യവുമായി ഒരു സംഘം ആളുകള്‍ നടത്തിയ പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. പോലീസിനു നേരെ കല്ലെറിഞ്ഞ ജനക്കൂട്ടത്തിനു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാവുകയും പോലീസ് വെടിവെപ്പ് നടത്തുകയും ആണ് ഉണ്ടായത്.
- ജെ.എസ്.
വായിക്കുക: പോലീസ് അതിക്രമം, പ്രതിഷേധം

ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത പാചകം ചെയ്യാന്‍ ഒരുങ്ങുകയാണ് സെപ്റ്റംബര്‍ 6ന് ഡല്‍ഹിയില്‍. ജനിതക മാറ്റം വരുത്തിയ സസ്യ വര്‍ഗ്ഗങ്ങള്‍ക്ക് എതിരെയുള്ള സമരത്തിന്റെ ഏറ്റവും പുതിയ മുഖമാണ് ജനിതക മാറ്റം വരുത്താത്ത സ്വാഭാവിക വഴുതനങ്ങകള്‍ കൊണ്ട് പാചകം ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ ബെയിംഗന്‍ ഭര്‍ത്ത എന്ന ഉത്തരേന്ത്യന്‍ വിഭവം.
പ്രശസ്ത പാചക വിദഗ്ദ്ധരും സിനിമാ പ്രവര്‍ത്തകരും മറ്റും ഇതില്‍ പങ്കെടുക്കും എന്നത് കൊണ്ട് വന്‍ ജനാവലിയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
ബയോ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ (Biotechnology Regulatory Authority of India – BRAI) ഇന്ത്യയിലേക്ക് ജനിതകമാറ്റം വരുത്തിയ ഭക്ഷണ പദാര്‍ഥങ്ങളുടെ കടന്നു വരവ് സുഗമമാക്കുന്നതിന് എതിരെയുള്ള 92,000 പേരുടെ പ്രതിഷേധത്തിന്റെ പ്രതീകമായ ഈ ബെയിംഗന്‍ ഭര്‍ത്തയ്ക്ക് എരിവ് കൂടും എന്ന കാര്യം ഏതായാലും ഉറപ്പാണ്.
- ജെ.എസ്.

ഇംഫാല്‍ : മണിപ്പൂരില്‍ സേയുധ സേനയ്ക്ക് സവിശേഷ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെയും സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്കും എതിരെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി നിരാഹാര സമരം നടത്തി വരുന്ന ഇറോം ശര്‍മിള തന്നെയും സര്‍ക്കാര്‍ അണ്ണാ ഹസാരെയെ പോലെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ താനും സമരം നിര്‍ത്തും. തന്റെ സമരത്തെ സര്‍ക്കാര്‍ വ്യത്യസ്തമായാണ് കാണുന്നത്. തന്റെ സ്വാതന്ത്ര്യത്തിന് മൂക്കുകയര്‍ ഇട്ടു കൊണ്ട് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അണ്ണാ ഹസാരെയുടെ സമരത്തില്‍ പങ്കെടുക്കാന്‍ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ താന്‍ തടവിലായതിനാല്‍ അതിനു കഴിഞ്ഞില്ല. താന്‍ കഴിഞ്ഞ 11 വര്‍ഷമായി നടത്തി വരുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ അണ്ണാ ഹസാരെ മണിപ്പൂരില്‍ എത്തും എന്ന് താന്‍ ആശിക്കുന്നു. എന്നാല്‍ ഇതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ തനിക്കാവില്ല എന്നും ശര്‍മിള പറഞ്ഞു.
2000-നവമ്പറില്‍ ആസാം റൈഫിള്‍സ് ഇംഫാലില്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നാണ് ഷര്‍മിള നിരാഹാര സമരം ആരംഭിച്ചത്. ആരോഗ്യ സ്ഥിതി വഷളാകുമ്പോള്‍ അറസ്റ്റു ചെയ്തു ആശുപത്രിയില്‍ ആക്കുകയും പിന്നീട് വിട്ടയയ്ക്കുകയുമാണ് പതിവ്. ഇങ്ങനെ നിരവധി തവണ ഇവരെ അറസ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.
- ജെ.എസ്.
വായിക്കുക: പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം

ന്യൂഡല്‍ഹി : അണ്ണാ ഹസാരെ നടത്തിയ സമരത്തെ കുറിച്ച് തനിക്ക് ഏറെ ആശങ്കകള്‍ ഉണ്ട് എന്ന് പ്രമുഖ എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ അരുന്ധതി റോയ് വ്യക്തമാക്കി. ഈ സമരത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രങ്ങളാണ് തന്നെ ആശങ്കപ്പെടുത്തുന്നത്. അണ്ണാ ഹസാരെ വെറും മുന്നണി പോരാളിയാണ്. യഥാര്‍ത്ഥ ചരട് വലികള്‍ നടത്തുന്ന ശക്തികളെ തിരിച്ചറിയേണ്ടതുണ്ട്. എന്‍. ജി. ഓ. കള്‍ നേതൃത്വം നല്‍കുന്ന സമരമാണിത്. കിരണ്‍ ബേദി, അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോടിയ എന്നിവരെല്ലാം തന്നെ സ്വന്തമായി എന്‍. ജി. ഓ. പ്രവര്‍ത്തനം നടത്തുന്നവരാണ്. ഹസാരെയുടെ സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മൂന്നു പേരും ഫോര്‍ഡ് ഫൌണ്ടേഷന്‍, റോക്കഫെല്ലര്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ മാഗ്സസെ പുരസ്കാര ജേതാക്കളാണ്. അരവിന്ദ് കേജ്രിവാള്‍, മനീഷ് സിസോടിയ എന്നിവര്‍ക്ക് ഫോര്‍ഡ് ഫൌണ്ടേഷനില്‍ നിന്നും 4 ലക്ഷം ഡോളര്‍ ലഭിച്ചിട്ടുണ്ട്. ഇത്തരം അന്താരാഷ്‌ട്ര ഏജന്‍സികള്‍ പണം നല്‍കി നടപ്പിലാക്കുന്ന സമരത്തെ പറ്റി സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.
ലോകബാങ്ക് പണം നല്‍കുന്ന എന്‍. ജി. ഓ. കള്‍ എന്തിനാണ് പൊതു നയ രൂപീകരണ വിഷയങ്ങളില്‍ ഇടപെടുന്നത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ലോകബാങ്കിന്റെ നേതൃത്വത്തില്‍ ലോകമെമ്പാടും 600 ലേറെ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടത്തുന്നുണ്ട് എന്ന് ലോക ബാങ്കിന്റെ വെബ്സൈറ്റില്‍ പറയുന്നു. അതാത് സര്‍ക്കാരുകളുടെ ചുമതലകള്‍ സര്‍ക്കാരുകളില്‍ നിന്നും എടുത്തു മാറ്റി സര്‍ക്കാരുകളെ ദുര്‍ബലമാക്കുകയും, എന്‍. ജി. ഓ. കളെ പ്രബലമാക്കുകയും തദ്വാരാ അന്താരാഷ്‌ട്ര മൂലധനത്തിന്റെ സ്വാധീനം ലോക രാജ്യങ്ങളില്‍ സാദ്ധ്യമാക്കുകയും ചെയ്യുകയാണ് ഇത്തരം ഏജന്‍സികളുടെ ലക്‌ഷ്യം. ഇന്ത്യയില്‍ വമ്പിച്ച അഴിമതിയുടെ കഥകള്‍ പുറത്തായ അതെ സമയം കോര്‍പ്പൊറേറ്റ് അഴിമതികളും, അതിനു പിന്നിലെ സ്വാധീന ശക്തികളില്‍ നിന്നും പൊതുജന ശ്രദ്ധ തിരിച്ചു വിട്ടു കൊണ്ട് ഇത്തരം ഒരു ലോകബാങ്ക് അജണ്ട നടപ്പിലാക്കുന്ന പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ആശാസ്യതയാണ് നമ്മെ ആശങ്കപ്പെടുത്തേണ്ടത് എന്നും അരുന്ധതി പറഞ്ഞു.
- ജെ.എസ്.
വായിക്കുക: അന്താരാഷ്ട്രം, അഴിമതി, ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, രാജ്യരക്ഷ, വിവാദം, സാമ്പത്തികം