ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടെ പ്രമുഖരടക്കം അമ്പതു സാമൂഹ്യപ്രവര്‍ത്തരെ ഡല്‍ഹി പോലീസ് അറസ്‌റ്റു ചെയ്‌തു. ഇന്ന് സമരം തുടങ്ങുന്നതിനു തൊട്ടുമുന്‍പായിരുന്നു അറസ്‌റ്റ്. 50 ഓളം പേരെ പോലീസ് രാജ്‌ഘട്ടില്‍ തടവിലാക്കിയിട്ടുണ്ട്. കിരണ്‍ ബേദി, അരവിന്ദ് കെജിര്‍വാള്‍ തുടങ്ങിയവരും അറസ്‌റ്റിലായവരില ഉള്‍പ്പെടും. പ്രശാന്ത് ഭൂഷന്റെ മയൂര്‍ വിഹാറിലെ വീട്ടിലെത്തി പോലീസ് രാവിലെ 7.15 ഓടെ അറസ്‌റ്റു ചെയ്‌തു . ഡല്‍ഹി സര്‍ക്കാരിന്റെയും പോലീസിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് തലസ്‌ഥാന നഗരിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. പോലീസ് കസ്‌റ്റഡിയിലും സമരം തുടരുമെന്ന് ഹസാരെ അറിയിച്ചു. രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമയമായെന്നും താന്‍ അറസ്‌റ്റിലാണെങ്കിലും സമരം നയിക്കാന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നും ഹസാരെ പറഞ്ഞു. അനുയായികളോട് ജയ്‌പ്രകാശ് നാരായണ്‍ പാര്‍ക്കില്‍ (ജെ.പി പാര്‍ക്ക്) സമ്മേളിക്കാനും എന്തെല്ലാം പ്രകോപനമുണ്ടായാലും സമരം സമാധാനപരമായിരിക്കണമെന്നും പൊതു മുതല്‍ നശിപ്പിക്കുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്യരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്‌തു. അറസ്‌റ്റ് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് കിരണ്‍ ബേദി പറഞ്ഞു. രാജ്യത്ത് അടിയന്തിരാവസ്‌ഥയുടെ സാഹചര്യമാണെന്നും ബേദി അറസ്‌റ്റിനിടെ പറഞ്ഞു. നിരോധനാജ്‌ഞ ലംഘിച്ച് ജെ.പി പാര്‍ക്കില്‍ സമ്മേളിക്കാന്‍ ആഹ്വാനം നല്‍കിയതിനാണ് അറസ്‌റ്റെന്ന് ഡല്‍ഹി പോലീസ് ക്രൈം ഡി.സി.പി അശോക് ചന്ദ് അറിയിച്ചു. അശോക് ചന്ദിന്റെ നേതൃത്വത്തിലുള്ള 500 ഓളം വരുന്ന പോലീസ് സംഘമാണ് ഹസാരെയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ജെ.പി പാര്‍ക്ക് പരിസരത്ത് സെക്ഷന്‍ 144 അനുസരിച്ച് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന് പോലീസ് അനുമതി നല്‍കിയില്ലെങ്കില്‍ ജയില്‍ നിറയ്‌ക്കല്‍ സമരം നടത്തണമെന്ന് ഇന്നലെ ഹസാരെ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരുന്നു. തലസ്ഥാന നഗരിയില്‍ ഇപ്പോള്‍ പ്രധിഷേധം ഇരമ്പുകയാണ്. സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ ഹസാരയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.