മുംബൈ : ചേരി നിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രമുഖ മനുഷ്യാവകാശ – പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആരംഭിച്ച നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. മുംബൈ വിമാനത്താവളത്തിന് അടുത്തുള്ള 140 ഏക്കര്‍ ചേരി പ്രദേശത്തെ 26,000 ത്തോളം വരുന്ന താമസക്കാരെ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ പെട്ടെന്ന് ഒരു ദിവസം ഒഴിപ്പിക്കാനായി കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ ആള്‍ക്കാര്‍ എത്തിയപ്പോഴാണ് തങ്ങളുടെ വാസസ്ഥലം സര്‍ക്കാര്‍ തങ്ങളെ അറിയിക്കാതെ വില്‍പ്പന നടത്തിയ കാര്യം ചേരി നിവാസികള്‍ അറിഞ്ഞത്. സ്ഥലത്ത് കെട്ടിടം പണി നടത്താനായി സര്‍ക്കാരില്‍ നിന്നും ഈ സ്ഥലം 2008ല്‍ ശിവാലിക് വെഞ്ച്വര്‍സ് എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്.
(നിങ്ങളുടെ വാസസ്ഥലം പെട്ടെന്ന് ഒരു ദിവസം തകര്‍ക്കാനായി ബുള്‍ഡോസറുകള്‍ എത്തിയാല്‍ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ എന്ത് ചെയ്യും?)
ഇത്തരത്തില്‍ ചേരി പ്രദേശങ്ങള്‍ കെട്ടിട നിര്‍മ്മാണത്തിനായി സ്ഥല വാസികളുടെ അനുവാദമില്ലാതെ സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കുന്ന മഹാരാഷ്ട്രാ ചേരി പ്രദേശ നിയമത്തിലെ 3 കെ. എന്ന വകുപ്പ് റദ്ദ് ചെയ്യണം എന്നതാണ് മേധാ പട്കര്‍ ആവശ്യപ്പെടുന്നത്.
ശിവാലിക് വെഞ്ച്വര്‍സ് എന്ന കമ്പനിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മേധാ പട്കര്‍ നടത്തുന്ന സമരത്തിന് പ്രാധാന്യം ഏറെയാണ്. 2 ജി സ്പെക്ട്രം അഴിമതി കേസില്‍ സി. ബി. ഐ. അന്വേഷണം നേരിടുന്ന യൂണിടെക് എന്ന കമ്പനിയുടെ ഭാഗമാണ് ശിവാലിക് വെഞ്ച്വര്‍സ്. കേവലം 1658 കോടി രൂപയ്ക്കാണ് യൂണിടെക്കിന് സ്പെക്ട്രം അനുവദിച്ചു കിട്ടിയത്. പ്രത്യേകിച്ച് ഒരു ടെലികോം പ്രവര്‍ത്തനങ്ങളും നടത്താതെ തന്നെ തങ്ങളുടെ 60 ശതമാനം ഓഹരികള്‍ ടെല്‍നോര്‍ എന്ന ഒരു നോര്‍വീജിയന്‍ കമ്പനിക്ക് മറിച്ചു വിറ്റ വകയില്‍ 230 ശതമാനം ലാഭമാണ് യൂണിടെക് നേടിയത്. ഇതേ സമയത്ത് തന്നെയാണ് ഇവര്‍ 1000 കോടി ശിവാലിക് വെഞ്ച്വര്‍സ് എന്ന കമ്പനിയില്‍ മുതല്‍ മുടക്കിയത് എന്നത് ഇതിനു പുറകിലെ അഴിമതി വ്യക്തമാക്കുന്നു.
മേധയുടെ സമരത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തി വെച്ചു. എന്നാല്‍ ഈ പദ്ധതി ഉപേക്ഷിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായിട്ടില്ല.