തിരുവനന്തപുരം : കര്‍ണ്ണാടകയില്‍ നിന്നുള്ള ഒരു പോലീസ് സംഘം ഇന്നലെ കേരളത്തില്‍ എത്തിയതോടെ 2008ലെ ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ പി. ഡി. പി. നേതാവ് അബ്ദുല്‍ നാസര്‍ മദനി ഏതു നിമിഷവും പോലീസ് പിടിയിലാവും എന്നുറപ്പായി. പോലീസ് സംഘം സംസ്ഥാനത്ത് എത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ഇന്നലെ കൊല്ലം നഗരത്തില്‍ ചെറിയ തോതിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നൂറു കണക്കിന് പി. ഡി. പി. പ്രവര്‍ത്തകര്‍ നഗരത്തില്‍ ഒത്തു കൂടുകയും മദനിക്ക് അനുകൂലമായി മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. എന്ത് വില കൊടുത്തും മദനിയുടെ അറസ്റ്റ് തങ്ങള്‍ തടയും എന്നായിരുന്നു പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്.
കര്‍ണ്ണാടകയില്‍ നിന്നും പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിയ സംഘം ഇന്നലെ മദനി തങ്ങുന്ന കൊല്ലം നഗരത്തിലേക്ക് തിരിച്ചു.
ഈ പ്രദേശത്ത് ഏറെ ജന പിന്തുണയുള്ള മദനിയുടെ അറസ്റ്റ് ക്രമ സമാധാന പ്രശ്നങ്ങള്‍ സംജാതമാക്കും എന്ന് ആശങ്കയുണ്ട്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ എല്ലാ സഹായവും കേരളാ പോലീസ് ബാംഗളൂരില്‍ നിന്നും വന്ന പോലീസ് സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.