ന്യൂഡല്‍ഹി : കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം സി. ബി. ഐ. ഏറ്റെടുത്തു. സി. ബി. ഐ. യുടെ അഴിമതി വിരുദ്ധ ശാഖയിലെ ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ ഇന്നലെ സംഘാടക സമിതി ഓഫീസില്‍ എത്തി ഖ്വീന്‍സ് ബാറ്റണ്‍ റിലേ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നടങ്കം കൈവശപ്പെടുത്തി.
ഗെയിംസ് വില്ലേജ് വികസനത്തിന്റെ ചുമതലയുണ്ടായിരുന്ന ഇമാര്‍ എം. ജി. എഫ്. കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പദ്ധതി കാര്യക്ഷമമായി നടത്തിയില്ല എന്ന് ആരോപണമുണ്ട്. കേന്ദ്ര പൊതു മരാമത്ത് വകുപ്പ്, ഡല്‍ഹി വികസന അതോറിറ്റി, ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൌണ്‍സില്‍, പൊതു മരാമത്ത് വകുപ്പ്, ഡല്‍ഹി മുനിസിപ്പല്‍ കൊര്‍പ്പോറെയ്ഷന്‍ എന്നീ സര്‍ക്കാര്‍ ഏജന്‍സികളും അന്വേഷണത്തിന്റെ പരിധിയില്‍ വരും. എന്ഫോഴ്സ്മെന്റ്റ്, വിജിലന്‍സ് എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും സി. ബി. ഐ. അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 28ന് മുന്‍പായി ഔദ്യോഗികമായി കേസ് റെജിസ്റ്റര്‍ ചെയ്യും എന്ന് കരുതപ്പെടുന്നു.
- ജെ.എസ്.