ന്യൂഡല്‍ഹി : കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗെയിംസ് നടക്കുന്ന വേളയില്‍ നഗര സൌന്ദര്യത്തിന് കോട്ടം തട്ടാതിരിക്കുന്നതിനും വേണ്ടി ഗെയിംസ് ഗ്രാമ പരിസരങ്ങളിലെ ചേരികള്‍ കുടി ഒഴിപ്പിച്ച അധികൃതര്‍ കുടി ഒഴിപ്പിക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് കുടി ഒഴിപ്പിക്കപ്പെട്ടവരുടെ പിന്തുണയ്ക്കായി സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി.
രണ്ടര ലക്ഷം പേര്ക്കാണ് ഇത്തരത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടത്. ഇവരില്‍ ഏതാണ്ട് അന്‍പതിനായിരം പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ താല്‍ക്കാലിക താമസ സൗകര്യം ഏര്‍പ്പെടുത്തിയത്. തങ്ങളുടെ ചേരികളും, കിടപ്പാടങ്ങളും അതിലെ സാധന സാമഗ്രികള്‍ ഒന്നാകെയും നഷ്ടപ്പെട്ടത് കണ്ടു അമ്പരന്നു നിലവിളിച്ച ആയിരങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്.
താല്‍ക്കാലിക കിടപ്പാടം നല്‍കാമെന്ന് പറഞ്ഞു ലോറികളില്‍ കയറ്റി കൊണ്ട് പോയവരെ നഗരത്തില്‍ നിന്നും നാല്‍പ്പത് കിലോമീറ്റര്‍ അകലെ ഭാവന എന്ന സ്ഥലത്തേക്കാണ് കൊണ്ട് പോയത്. നഗര ഹൃദയത്തില്‍ വിവിധ തൊഴിലുകള്‍ ചെയ്തു ഉപജീവനം കഴിച്ച ഇവരുടെ ജീവനോപാധികള്‍ ഇതോടെ ഇല്ലാതായി. പലരും തിരികെ നഗരത്തിലേക്ക് തന്നെ ചേക്കേറി രാത്രി കാലങ്ങളില്‍ തെരുവോരങ്ങളിലും പീടിക തിണ്ണകളിലും കഴിച്ചു കൂട്ടുകയാണ്.
അതി ശൈത്യത്തില്‍ കുടുംബം മുഴുവന്‍ മരിച്ച സ്ത്രീകള്‍ നിരവധിയാണ് ഇവിടെയുള്ളത്. നൂറു കണക്കിന് ആളുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ തണുപ്പില്‍ രോഗം ബാധിച്ചു മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നഗര സൌന്ദര്യ വല്ക്കരണത്തിനായി കുടി ഒഴിപ്പിക്കപ്പെട്ടവര്‍ ജീവിതോപാധി തേടി തിരികെ നഗരത്തില്‍ എത്തിയതോടെ തലസ്ഥാനത്ത് തെരുവോരങ്ങളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കായികം, മനുഷ്യാവകാശം, വിവാദം