ഇന്ത്യയുടെ പ്രഥമ ചാന്ദ്ര ദൌത്യമായ ചന്ദ്രയാന്‍ – I മായുള്ള റേഡിയോ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണ്ണമായും ഇതിന്റെ നിയന്ത്രണം ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനു നഷ്‌ട്ടപ്പെട്ടു. ശനിയാഴ്‌ച്ച പുലര്‍ച്ചെ 01:30 നാണ് അവസാനമായി പേടകവുമായി ബന്ധം പുലര്‍ത്താന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ റേഡിയോ ബന്ധം വീണ്ടെടുക്കുന്നത് അസാധ്യമാണ്. മറ്റ് അന്താരാഷ്ട്ര ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ക്കും പേടകത്തില്‍ നിന്നുമുള്ള സിഗ്നലുകള്‍ ലഭിക്കുന്നില്ല. ഈ ചാന്ദ്ര ദൌത്യത്തിന്റെ പ്രധാന ഉദ്ദ്യേശ്യങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു എന്ന് പറയുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പക്ഷെ ഈ സാങ്കേതിക തകരാറിലും ആത്മ വിശ്വാസം വെടിഞ്ഞിട്ടില്ല. ഇത്തരം സങ്കീര്‍ണ്ണമായ ദൌത്യങ്ങളില്‍ ഇത്തരം തകരാറുകള്‍ സ്വാഭാവികമാണ്. പരാജയം വിജയത്തിന്റെ ചവിട്ടു പടിയാണ് എന്ന് വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ ദൌത്യം നല്‍കിയ പാഠങ്ങള്‍ ചന്ദ്രയാന്‍ – II ന്റെ വിജയത്തിനായി ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയും എന്ന്‍ ഉറച്ചു വിശ്വസിക്കുന്നു.



കഴിഞ്ഞ ചൊവ്വാഴ്‌ച്ച വിക്ഷേപണം ചെയ്യുവാന്‍ നിശ്ചയിച്ചിരുന്ന നാസയുടെ ബഹിരാകാശ ഷട്ടില്‍ ഡിസ്ക്കവറിയുടെ ഒരു ഇന്ധന വാല്‍വ് തകരാറായതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന വിക്ഷേപണം ഇനി ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പായി നടത്തും. ഇത് മൂന്നാം തവണയാണ് ഡിസ്ക്കവറിയുടെ വിക്ഷേപണം മാറ്റി വെച്ചത്. ആദ്യ തവണ കാലാവസ്ഥ മോശം ആയതിനാലാണ് വിക്ഷേപണം മാറ്റിയത്. പിന്നീട് രണ്ടു തവണയും ഇന്ധന വാല്‍വിലെ തകരാറ് ആയിരുന്നു മാറ്റി വെയ്ക്കുവാന്‍ കാരണമായത്. ഇത് ശരിയാക്കിയതിനെ തുടര്‍ന്നാണ് ഇന്ന് അര്‍ധ രാത്രിക്ക് തൊട്ടു മുന്‍പത്തെ മിനിട്ടില്‍ വിക്ഷേപണം നടത്താന്‍ തീരുമാനം ആയത്. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും ഇന്ന് (വെള്ളിയാഴ്‌ച്ച) രാത്രി 11:59ന് വിക്ഷേപണം നടക്കും.
ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ സൂര്യ ഗ്രഹണം ബുധനാഴ്ച സംഭവിച്ചു. ശാന്ത സമുദ്രത്തിനു മുകളില്‍ ഗ്രഹണം ആറ് മിനിട്ടും 39 സെക്കന്‍ഡും നേരം നില നിന്നു എന്നാണ് നാസയുടെ കണക്ക്. ഭൂമിയില്‍ നിന്നും സൂര്യന്റെ വാതക ആവരണമായ കൊറോണയെ കാണുവാന്‍ ലഭിക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യഗ്രഹണം. ഇത്രയും ദൈര്‍ഘ്യം ഉള്ള ഒരു സൂര്യ ഗ്രഹണം ഇനി കാണാന്‍ 123 വര്‍ഷങ്ങള്‍ കഴിയണം; അതായത് ജൂണ്‍ 13, 2132 നാവും ഇനി ഇത്രയും നീളമേറിയ ഒരു സൂര്യ ഗ്രഹണം.

മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച അപ്പോളോ 11 അതിലെ സഞ്ചാരികളായ നീല്‍ ആംസ്ട്രോങ്, മൈക്കല്‍ കോളിന്‍സ്, എഡ്വിന്‍ ആല്‍ഡ്രിന്‍ എന്നിവരുമായി തിരികെ ഭൂമിയിലേക്ക് വരുന്ന 1969 ജൂലൈ 23ന് പേടകം സമുദ്രത്തില്‍ പതിക്കുന്നതിന് മുന്‍പായി അവസാന ഘട്ട വാര്‍ത്താ വിനിമയം നടത്തേണ്ട നാസയുടെ ഗ്വാമിലെ ട്രാക്കിങ് നിലയത്തിന്റെ മേധാവി ഞെട്ടിപ്പിക്കുന്ന ഒരു തകരാറ് കണ്ടു പിടിച്ചു. നാസയുടെ വാര്‍ത്താ വിനിമയ സംവിധാനത്തെ അപ്പോളോയുമായി ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്ന ശക്തി കൂടിയ ആന്റിനയുടെ ബെയറിങ് തകരാര്‍ ആയതിനാല്‍ ആന്റിന പ്രവര്‍ത്തന രഹിതം ആയിരിക്കുന്നു. അവസാന ഘട്ട സന്ദേശങ്ങള്‍ കൈമാറാതെ പേടകം സുരക്ഷിതമായി ഇറക്കാനാവില്ല. ആന്റിന പ്രവര്‍ത്തനക്ഷമം ആക്കണം എങ്കില്‍ അത് അഴിച്ചെടുത്ത് അതിന്റെ ബെയറിങ് മാറ്റണം. അതിനുള്ള സമയവുമില്ല. പേടകം ഉടന്‍ ഭൂമിയുടെ അന്തരീക്ഷത്തിലെത്തും. ട്രാക്കിങ് നിലയം മേധാവി ചാള്‍സ് ഫോഴ്സിന് അപ്പോഴാണ് ഒരു ആശയം തോന്നിയത്. കേടായ ബെയറിങ്ങിനു ചുറ്റും കുറച്ച് ഗ്രീസ് തേച്ചു പിടിപ്പിക്കാന്‍ കഴിഞ്ഞാല്‍ തല്‍ക്കാലം പ്രശ്നം പരിഹരിക്കാന്‍ കഴിയും. ആപ്പോഴാണ് അടുത്ത പ്രശ്നം. ബെയറിങ്ങിലേക്ക് എത്താനുള്ള വിടവിന് വെറും രണ്ടര ഇഞ്ച് മാത്രമേ വലിപ്പമുള്ളൂ. ട്രാക്കിങ് നിലയത്തിലെ സാങ്കേതിക വിദഗ്ദ്ധര്‍ക്കാര്‍ക്കും അതിലൂടെ കൈ കടത്താന്‍ കഴിയുന്നില്ല. ചാള്‍സിന് മറ്റൊരു ആശയം തോന്നി. ഉടന്‍ ഒരാളെ തന്റെ വീട്ടിലേക്ക് വിട്ടു തന്റെ 10 വയസ്സുള്ള മകന്‍ ഗ്രെഗ്ഗിനെ കൂട്ടി കൊണ്ടു വന്നു. ഗ്രെഗ്ഗ് തന്റെ ചെറിയ കൈ വിടവിലൂടെ ഇട്ട് ബെയറിങ്ങില്‍ ഗ്രീസ് പുരട്ടി. അതോടെ ആന്റിന പ്രവര്‍ത്തന ക്ഷമം ആവുകയും ചെയ്തു. അപ്പോളോ 11 അടുത്ത ദിവസം സുരക്ഷിതമായി വെള്ളത്തില്‍ പതിക്കുകയും ചെയ്തു. 

























