കൊളംബോ : ശ്രീലങ്കയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നുവെങ്കിലും, തമിഴ് ജനത പോളിംഗ് ബൂത്തുകളില്‍ എത്തിയെങ്കിലും, തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയെങ്കിലും, തങ്ങളുടെ മുന്‍പിലുള്ള ഏറ്റവും വലിയ പ്രശ്നം വോട്ടല്ല; വീട് തന്നെ, എന്ന് തമിഴ് അഭയാര്‍ഥി ക്യാമ്പുകളിലെ താമസക്കാര്‍ വ്യക്തമാക്കുന്നു.
തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും, കിടപ്പാടവും, സ്വത്തും, ഭൂമിയും, ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ട ഒരു സമൂഹത്തിന് ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ജീവിക്കാനുള്ള മാര്‍ഗ്ഗവും താമസിക്കാനുള്ള ഇടവും തന്നെ. തമിഴ് വംശത്തെ കൊന്നൊടുക്കിയ യുദ്ധം നയിച്ച രാജപക്സെ ആയാലും, സൈന്യത്തെ നയിച്ച മുന്‍ ശ്രീലങ്കന്‍ സൈന്യാധിപന്‍ ജനറല്‍ ശരത് ഫോണ്‍സെക്ക ആയാലും, പലായനം ചെയ്ത ഒരു ജനതയ്ക്ക് തങ്ങളുടെ ദുരിതങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരം ഉണ്ടാവും എന്ന ഒരു ഉറപ്പ് ആരും നല്‍കുന്നില്ല. തമിഴ് ജനതയോട് രാജപക്സെ നീതി കാണിച്ചില്ല എന്ന് സൈനിക പദവിയില്‍ നിന്നും വിരമിച്ച് രാഷ്ട്രീയക്കാരന്റെ വേഷം എടുത്തണിഞ്ഞ ഫോണ്‍സെക്ക പറയുന്നുണ്ടെങ്കിലും ഏറെയൊന്നും തങ്ങള്‍ക്ക് ആശിക്കാന്‍ വകയില്ലെന്ന് അവര്‍ക്ക് വ്യക്തമായി അറിയാം.
എന്നാലും തമിഴ് ജനതയില്‍ തിരിച്ചറിയല്‍ രേഖ കയ്യില്‍ ഉള്ളവരില്‍ പലരും വോട്ട് രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തുകളില്‍ എത്തി. തമിഴ് ജനത ഇഴഞ്ഞിഴഞ്ഞ് വോട്ട് ചെയ്യാനെത്തി എന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങള്‍ ഇതിനെ റിപ്പോര്‍ട്ട് ചെയ്തത്.
ഭരണത്തിലിരിക്കുന്ന രാജപക്സെയ്ക്കും പുതുതായി രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞ ഫോണ്‍സെക്കയ്ക്കും ശ്രീലങ്കന്‍ വംശജരുടെ പിന്തുണ തുല്യമാണ്. ആ നിലയ്ക്ക് തമിഴ് വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. താന്‍ അധികാരത്തില്‍ വന്നാല്‍ പുലികള്‍ എന്ന സംശയത്തില്‍ നേരത്തെ പിടിയിലായ എല്ലാ തമിഴ് വംശജരുടെയും പേരിലുള്ള സംശയങ്ങളുടെ നിജസ്ഥിതി പരിശോധിച്ച് കുറ്റപത്രം ഇല്ലാത്തവരുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും, നിരപരാധികളെ വിട്ടയക്കുകയും ചെയ്യുമെന്ന വാഗ്ദാനത്തോടെ തമിഴ് പിന്തുണ ഉറപ്പാക്കിയിട്ടുണ്ട് ഫോണ്‍സെക്ക. തമിഴ് ഭൂരിപക്ഷമുള്ള പ്രദേശത്ത് സ്വയംഭരണം എന്ന വാക്കാലുള്ള ഉറപ്പും ഫോണ്‍സെക്ക നല്‍കിയതായി സൂചനയുണ്ട്. ഇതിനെ തുടര്‍ന്ന് എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ വിഭാഗമായി ഒരു കാലത്ത് കണക്കിലാക്കിയിരുന്ന തമിഴ് നാഷണല്‍ അലയന്‍സ് ജനറല്‍ ഫോണ്സേക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് ലക്ഷത്തോളം തമിഴ് വംശജര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും, ഇരുപതിനായിരം പേര്‍ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തില്‍ തങ്ങള്‍ക്കെതിരെ പട നയിച്ച സൈന്യ തലവന് പിന്തുണ പ്രഖ്യാപിക്കേണ്ടി വന്നത് തമിഴ് ജനതയുടെ ദൈന്യതയാണ്.
പലവട്ടം നാടും വീടും വിട്ട് അഭയാര്‍ഥി ക്യാമ്പുകള്‍ മാറി മാറി പലായനം ചെയ്ത പല തമിഴ് വംശജര്‍ക്കും തിരിച്ചറിയല്‍ രേഖകളോ വോട്ടവകാശം സ്ഥാപിക്കാന്‍ ആവശ്യമായ രേഖകളോ ഇല്ലാത്തതിനാല്‍ ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും കഴിഞ്ഞില്ല എന്നതും ഒരു വസ്തുതയാണ്. തനിക്കെതിരെ വ്യക്തമായും വോട്ടു ചെയ്യും എന്ന് ഉറപ്പുള്ളതിനാല്‍ തന്നെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നുമുള്ള തമിഴ് വംശജര്‍ക്ക് വോട്ടു ചെയ്യാന്‍ വേണ്ട സൌകര്യമൊന്നും ചെയ്യാന്‍ ഭരണത്തിലിരിക്കുന്ന രാജപക്സെ മെനക്കെട്ടുമില്ല. ക്യാമ്പുകളില്‍ നിന്നും ബൂത്തിലേക്ക് പോകാന്‍ വരുമെന്ന് പറഞ്ഞ ബസുകള്‍ പോലും അവസാന നിമിഷം വരാതിരിക്കുകയും തമിഴര്‍ ബൂത്തുകളിലേക്ക് ഏന്തി വലിഞ്ഞു നടന്നതിനെയുമാണ് തമിഴര്‍ വോട്ടു ചെയ്യാന്‍ ഇഴഞ്ഞിഴഞ്ഞ് എത്തി എന്ന് ചില വിദേശ പത്രങ്ങള്‍ കളിയാക്കിയത്.