ന്യൂഡല്‍ഹി : തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം സമന്‍സ് പുറപ്പെടുവിച്ചു എന്ന വാര്‍ത്ത നേരത്തെ നിഷേധിച്ച ഗുജറാത്ത് മുഖ്യ മന്ത്രി നരേന്ദ്ര മോഡിയുടെ അഭിഭാഷകന്‍ സമന്‍സ് ലഭിച്ചുവെന്ന വാര്‍ത്ത സത്യമാണെന്ന് സമ്മതിച്ചു. എന്നാല്‍ തനിക്കെതിരെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന്റെ നിയമ സാധുത ചോദ്യം ചെയ്തു കൊണ്ട് സുപ്രീം കോടതിക്ക് മുന്‍പില്‍ ബി.ജെ.പി. എം.എല്‍.എ. കാലു ഭായ് ഹരജി സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് ഇത് സംബന്ധിച്ച് മോഡിയുടെ പ്രതികരണം. ഈ ഹരജിയിന്മേല്‍ ഏപ്രില്‍ 5ന് സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെ ഇപ്പോഴത്തെ സമന്‍സ് അസാധുവാണ് എന്നാണ് മോഡിയുടെ നിലപാട്. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് തങ്ങളുടെ അന്വേഷണവുമായി മുന്പോട്ട് പോകുന്നതില്‍ തെറ്റില്ല എന്നാണ് തോന്നുന്നതെങ്കില്‍ മാര്‍ച്ച് 27നു സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ മുഖ്യ മന്ത്രി തയ്യാറാണെന്ന് മോഡിയുടെ അഭിഭാഷകനായ മഹേഷ് ജെട്മലാനി അറിയിച്ചു.



ന്യൂഡല്‍ഹി : മുംബൈ ഭീകര ആക്രമണത്തിന് പുറകില്‍ തന്റെ പങ്ക് ഏറ്റു പറഞ്ഞ ഡേവിഡ് ഹെഡ്‌ലിയെ അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ ഇന്ത്യയ്ക്ക് അവസരം ഒരുങ്ങുന്നു. ഇന്ത്യയിലേക്ക് കൈമാറ്റം ചെയ്യപ്പെടാ തിരിക്കുവാനാണ് ഹെഡ്‌ലി ഒരു ഷിക്കാഗോ കോടതിക്ക് മുന്‍പില്‍ ഇന്നലെ കുറ്റസമ്മതം നടത്തിയത്. എന്നാല്‍ മണിക്കൂറു കള്‍ക്കുള്ളില്‍ അമേരിക്കന്‍ നിയമ വകുപ്പ് മേധാവി എറിക് ഹോള്‍ഡര്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ ടെലിഫോണില്‍ ബന്ധപ്പെടുകയും ഇരുവരും തമ്മില്‍ ഏര്‍പ്പെട്ട ചര്‍ച്ചയില്‍ ചില സുപ്രധാന ധാരണകള്‍ ഉരുത്തിരിഞ്ഞു വരികയുമായിരുന്നു. കുറ്റസമ്മതം നടത്തുവാനായി അമേരിക്കന്‍ പ്രോസിക്യൂ ട്ടര്‍മാരുമായി ഹെഡ്‌ലി നടത്തിയ കരാര്‍ പ്രകാരം ഇയാളെ ഏതെന്കിലും വിദേശ രാജ്യത്തേക്ക് കൈമാറ്റം ചെയ്യാനാവില്ല. മാത്രവുമല്ല, ഈ ഉടമ്പടി പ്രകാരം ഹെഡ്‌ലിക്ക് വധശിക്ഷ നല്കാനുമാവില്ല. എന്നാല്‍ ഇന്നലെ അമേരിക്കന്‍ അധികൃതരുമായി നടത്തിയ ചര്‍ച്ച പ്രകാരം ഹെഡ്‌ലിയെ ഇന്ത്യന്‍ അന്വേഷണ സംഘത്തിന് അമേരിക്കയില്‍ ചെന്ന് ചോദ്യം ചെയ്യാനുള്ള അനുമതി അമേരിക്ക നല്‍കും എന്ന് മന്ത്രി അറിയിച്ചു.
പൂനെ: ശനിയാഴ്ച വൈകീട്ട് പൂനെയിലെ കൊരെഗാവില്‍ നടന്ന ഭീകര ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു വിദേശിയും ഉള്‍പ്പെടുന്നു. കോരെഗാവിലെ ഓഷോ രജനീഷ് ആശ്രമത്തിന് അടുത്തുള്ള ബേക്കറിയില്‍ ആണ് ബോംബ് സ്ഫോടനം നടന്നത്. അന്‍പതിലേറെ പേര്‍ക്ക് പരിക്കുണ്ട്. രജനീഷ് ആശ്രമത്തിനു അടുത്ത് സ്ഥിതി ചെയ്യുന്ന ഇപ്പോഴും തിരക്കുള്ള ജര്‍മന്‍ ബേക്കറിയില്‍ പതിവ് പോലെ ഏറെ തിരക്കുള്ള വൈകുന്നേരമാണ് സ്ഫോടനം നടന്നത്. ഈ സ്ഥലം മുംബൈ ഭീകര ആക്രമണത്തിന്റെ സൂത്രധാരനായി സംശയിക്കപ്പെടുന്ന ഹെഡ്‌ലി സന്ദര്‍ശിച്ചിരുന്നതായി ആഭ്യന്തര സെക്രട്ടറി ജി. കെ. പിള്ള അറിയിച്ചു. 2009 ഒക്ടോബര്‍ 12 നു തന്നെ ഈകാര്യം കേന്ദ്രം മഹാരാഷ്ട്ര പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു.
ദുബായ് : കഴിഞ്ഞ ആഴ്ച ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ട ഹമാസ് കമാണ്ടര്‍ മഹ്മൂദ് അല്‍ മബ്ഹൂ വിന്റെ ഘാതകരെ ദുബായ് പോലീസ് കണ്ടെത്തി. പ്രൊഫഷണല്‍ കൊലയാളികള്‍ ആണ് കൊല ചെയ്തത് എങ്കിലും ഇവരെ തിരിച്ചറിയാന്‍ മതിയായ തെളിവുകള്‍ ഇവര്‍ അവശേഷിപ്പിച്ചിരുന്നു എന്ന് ദുബായ് പോലീസ് അധികൃതര്‍ പറഞ്ഞു. യൂറോപ്യന്‍ പാസ്പോര്‍ട്ടുകളുമായി ദുബായില്‍ നിന്നും കടന്നു കളഞ്ഞ ഇവരെ ഇന്റര്‍പോളിന്റെ സഹായത്താല്‍ പിടി കൂടാനുള്ള ശ്രമം നടക്കുന്നു.
























