ന്യൂഡല്‍ഹി: ആരുഷി- ഹേംരാജ് കൊലക്കേസില്‍ ആരുഷിയുടെ അച്ഛന്‍ ഡോ. രാജേഷ് തല്‍വാറിനെയും അമ്മ ഡോ. നൂപുര്‍ തല്‍വാറിനെയും പ്രതിചേര്‍ക്കാന്‍ വിചാരണക്കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് ബുധനാഴ്ച ഗാസിയാബാദിലെ പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി പ്രീതി സിങ് തള്ളി. തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ കുറ്റം ചുമത്തി ഉടന്‍ വിചാരണ ആരംഭിക്കും. കേസില്‍ പ്രതിചേര്‍ത്ത നടപടിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തല്‍വാര്‍ ദമ്പതിമാരുടെ അഭിഭാഷക വ്യക്തമാക്കി.
കേസില്‍ മുമ്പ് സി.ബി.ഐ. അറസ്റ്റു ചെയ്ത രാജേഷ് തല്‍വാറിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, ആദ്യമായാണ് ആരുഷിയുടെ അമ്മ നൂപുര്‍ തല്‍വാര്‍ പ്രതിചേര്‍ക്കപ്പെടുന്നത്. ഇരുവരോടും ഈമാസം 28ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടു. നൂപുര്‍ തല്‍വാറിനെ താമസിയാതെ അറസ്റ്റ് ചെയേ്തക്കും. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ദമ്പതിമാര്‍ക്കെതിരെയുള്ള കുറ്റം. കൊലപാതകം നടത്തിയത് പുറത്തുനിന്നുള്ളവരല്ലെന്നും തെളിവില്ലാത്തതിനാല്‍ തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ വിചാരണ സാധ്യമല്ലെന്നുമാണ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടക്കുമ്പോള്‍ തല്‍വാര്‍ ദമ്പതിമാര്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. രാജേഷിനും നൂപുറിനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കാണിക്കുന്ന ഒട്ടേറെ സൂചനകള്‍ സി.ബി.ഐ. റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, എന്തിനുവേണ്ടി കൊല നടത്തിയെന്നത് ഇപ്പോഴും അജ്ഞാതമാണ്.
ദന്തഡോക്ടര്‍മാരായ തല്‍വാര്‍ ദമ്പതിമാരുടെ പതിന്നാലുകാരിയായ മകള്‍ ആരുഷി തല്‍വാറിനെ 2008 മെയ് 16നാണ് കൊല്ലപ്പെട്ട നിലയില്‍ ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. പിറ്റേന്ന് വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തി. കേസ് ആദ്യം അന്വേഷിച്ച യു.പി. പോലീസ് എത്തിയ അതേ നിഗമനങ്ങളിലാണ് സി.ബി.ഐയും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തല്‍വാറിന്റെ ക്ലിനിക്കിലെ ജോലിക്കാരനായ കൃഷ്ണ, തല്‍വാറിന്റെ കുടുംബസുഹൃത്ത് ദുറാനിയുടെ വീട്ടുജോലിക്കാരന്‍ രാജ്കുമാര്‍, അടുത്തവീട്ടിലെ ജോലിക്കാരന്‍ വിജയ് മണ്ഡല്‍ എന്നിവര്‍ക്ക് നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് സി.ബി.ഐ. കോണ്‍സെല്‍ ആര്‍.കെ സൈനി പറഞ്ഞു. സംഭവത്തില്‍ മൂവരും നിരപരാധികളാണെന്നും സി.ബി.ഐ. പറയുന്നു.
സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേക സി.ബി.ഐ. കോടതിക്ക് പരാതി നല്‍കിയിരുന്നു. സി.ബി.ഐയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കേസില്‍ ശാസ്ത്രീയമായ അന്വേഷണം വേണമെന്നുമാണ് തല്‍വാര്‍ ദമ്പതിമാര്‍ ആവശ്യപ്പെടുന്നത്. ആരുഷിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ സംശയത്തിന്റെ മുന വേലക്കാരന്‍ നേപ്പാള്‍ സ്വദേശി ഹേംരാജിനു നേരെ തിരിക്കാനാണ് തല്‍വാര്‍ ദമ്പതിമാര്‍ ശ്രമിച്ചത്. എന്നാല്‍, പിറ്റേന്ന് വീടിന്റെ ടെറസില്‍ നിന്ന് ഹേംരാജിന്റെ മൃതദേഹവും കണ്ടെത്തി. രാവിലെ വീട്ടിലെത്തിയ വേലക്കാരിയോടാണ് ആരുഷി കിടന്നിരുന്ന മുറി തുറക്കാന്‍ നൂപുര്‍ ആവശ്യപ്പെട്ടത്. മുറി തുറന്നപ്പോള്‍ ആരുഷിയോട് ഹേംരാജ് ചെയ്തതെന്തെന്നു നോക്കൂ എന്നു പറഞ്ഞ് നൂപുര്‍ പൊട്ടിക്കരയുകയായിരുന്നു. ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരെ തല്‍വാര്‍ ദമ്പതിമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്. ലൈംഗിക പീഡനത്തിനുള്ള സാധ്യത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല. ആരുഷിയുടെയും രാജേഷിന്റെയും മുറികള്‍ തമ്മില്‍ എട്ടടി ദൂരമേയുള്ളൂ. കുറ്റകൃത്യം നടന്നത് രാത്രി 12നാണ്. എന്നാല്‍ രാത്രി 11.30 വരെ രാജേഷ് ഇന്റര്‍നെറ്റ് ഉപയോഗിച്ചതിനും തെളിവുണ്ട്.
ആരുഷി കൊല്ലപ്പെട്ട ദിവസം പോലീസ് സംഘം ടെറസിന് മുകളിലേക്ക് പോകാതിരിക്കാന്‍ തല്‍വാര്‍ ദമ്പതിമാര്‍ പ്രത്യേകം ശ്രദ്ധവെച്ചിരുന്നു. കുറ്റവാളിയെന്ന് ഇവര്‍ ആരോപിച്ച ഹേംരാജിനെ തേടി പോലീസ് സംഘം നേപ്പാളിലേക്ക് പോയി. പിറ്റേന്ന് പോലീസ് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് ടെറസിന്റെ വാതില്‍ തുറന്നുകൊടുത്തത്. ഹേംരാജിന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ആളെ തനിക്കറിയില്ലെന്നായിരുന്നു തല്‍വാറിന്റെ ആദ്യ പ്രതികരണം. ശസ്ത്രക്രിയാ ഉപകരണം ഉപയോഗിച്ചാണ് ആരുഷിയെയും ഹേംരാജിനെയും കഴുത്തുമുറിച്ചു കൊലപ്പെടുത്തിയത്. രാജേഷിനെപ്പോലെ പ്രൊഫഷണല്‍ ഡോക്ടര്‍ക്ക് ഈ ഉപകരണം കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യമുണ്ടാവുമെന്നും സി.ബി.ഐ. പറയുന്നു.