
ന്യൂഡല്‍ഹി : ആണവ ബാദ്ധ്യതാ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ബി.ജെ.പി. യുമായി ധാരണയിലെത്തി. ബി. ജെ. പി. ഉന്നയിച്ച ആവശ്യങ്ങള്‍ മിക്കവാറും എല്ലാം സമ്മതിച്ചു കൊണ്ടാണ് ആണവ ബാദ്ധ്യതാ ബില്‍ സഭയില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ബി. ജെ. പി. യുടെ എതിര്‍പ്പ് ഇല്ലാതാകുന്നതോടെ ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കഴിയും എന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇടതു കക്ഷികള്‍ ബില്ലിനെ എതിര്‍ക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആണവ മേഖലയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കണം എന്നും അപകടത്തെ തുടര്‍ന്ന് ആണവ നിലയം നടത്തിപ്പുകാരുടെ മേല്‍ വരുന്ന സാമ്പത്തിക ബാദ്ധ്യത നിലവിലെ ബില്ലിലുള്ള 500 കോടിയില്‍ നിന്നും 1500 കോടി ആക്കണം എന്നുമുള്ള ബി.ജെ.പി. യുടെ ആവശ്യങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ബില്ലിന് മേലുള്ള ഈ ഭേദഗതികള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇന്ന് സഭയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉണ്ടാവും. ഇതിന്മേല്‍ കേന്ദ്ര മന്ത്രി സഭ തീരുമാനം എടുത്ത ശേഷം ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ബി.ജെ.പി. യുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ ബില്ലിനെ ബി.ജെ.പി. അനുകൂലിക്കും എന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അറിയിച്ചു.
“ബില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കും ബാദ്ധ്യസ്ഥമാണ്” എന്ന വ്യവസ്ഥയും ഭേദഗതിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്.
ആണവ അപകടത്തെ തുടര്‍ന്ന് നഷ്ട പരിഹാരത്തിനായി പരാതി സമര്‍പ്പിക്കാനുള്ള കാലാവധി നിലവിലെ 10 വര്ഷം എന്നത് 20 വര്‍ഷമാക്കാനുള്ള നിര്‍ദ്ദേശവും ഭേദഗതിയില്‍ ഉണ്ടാവും എന്ന് സൂചനയുണ്ട്.
ആണവ അപകടങ്ങളുടെ ആഴവും വ്യാപ്തിയും കണക്കിലെ ടുക്കുമ്പോഴാണ് ഇത്തരം വ്യവസ്ഥകളുടെ മൗഢ്യം ബോദ്ധ്യപ്പെടുക.
റഷ്യയിലെ സെമിപാലാടാന്‍സ്ക് ആണവ കേന്ദ്രത്തിന്റെ സമീപ പ്രദേശത്ത് വൈകല്യങ്ങളുമായി ജനിച്ച ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളുടെ ചിത്രമാണ് മുകളില്‍ കൊടുത്തത്. ആണവ മലിനീകരണത്തിന്റെ ഏറ്റവും ഭീകരമായ രൂപമാണ് രാക്ഷസ ശിശുക്കള്‍ (Monster Babies).

രണ്ടു തലകളുമായി ജനിച്ച ഒരു കുഞ്ഞ്
അന്താരാഷ്‌ട്ര കോടതിക്ക് മുന്‍പില്‍ ഇരകളായ സ്ത്രീകള്‍ ഇത്തരം നിരവധി വൈകല്യങ്ങളെ കുറിച്ച് സാക്ഷി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീ രണ്ടു തലയുള്ള ഒരു കുഞ്ഞിനെയാണ് പ്രസവിച്ചത്. കാലുകളും കൈകളും ഇല്ലാതെ ജനിച്ചവര്‍, മൂന്നു കാല്‍പത്തികളുമായി ജനിച്ചവര്‍ എന്നിങ്ങനെ.

അമേരിക്ക ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രയോഗിച്ച ഡിപ്ലീറ്റഡ് യുറാനിയം ബുള്ളറ്റുകള്‍ മൂലം ഉണ്ടായ മലിനീകരണത്തിന്റെ ഇരയായ കുഞ്ഞ്
ഏറ്റവും വ്യാപകമായി കുഞ്ഞുങ്ങളില്‍ കാണപ്പെടുന്ന വൈകല്യം “ജെല്ലി ഫിഷ്” ശിശുക്കളാണ് (Jelly Fish Babies). ശരീരത്തില്‍ എല്ലുകള്‍ ഇല്ലാതെ ജനിക്കുന്ന ഇവരുടെ ചര്‍മ്മം സുതാര്യമാണ്. തലച്ചോറും മറ്റ് ആന്തരിക അവയവങ്ങളും, ഹൃദയം മിടിക്കുന്നതും എല്ലാം പുറമേ നിന്നും കാണാം. ഇവര്‍ സാധാരണയായി ഒരു ദിവസത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കാറില്ല.
ഈ ബാദ്ധ്യതകള്‍ 1500 കോടി കൊണ്ടെങ്ങനെ തീര്‍ക്കും?




ബീഹാര്‍, പശ്ചിമ ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ ആഞ്ഞു വീശിയ കൊടുങ്കാറ്റില്‍ 120ഓളം പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ അര്‍ദ്ധ രാത്രിയാണ് 125 കിലോ മീറ്റര്‍ വേഗതയുള്ള കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. ഏറ്റവും അധികം പേര്‍ കൊല്ലപ്പെട്ടത് ബീഹാറിലാണ്. ബീഹാറിലെ അഞ്ചു ജില്ലകളിലായി 77 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഒരു ജില്ലയിലെ 39 പേരും, ആസാമില്‍ 4 പേരും കൊല്ലപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 1.5 ലക്ഷം രൂപയുടെ ദുരിതാശ്വാസം നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി അറിയിച്ചു. ഇതിനു പുറമേ, ധാന്യവും, ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ച് നല്‍കാനും ഉത്തരവായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപാ വീതം നല്‍കുമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാരും അറിയിച്ചു.
ന്യൂ ഡല്‍ഹി : സുപ്രീം കോടതി വിധിയെ മറികടക്കാനായി കേരളം നടത്തിയ നിയമ നിര്‍മ്മാണം ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതിയില്‍ തമിഴ്‌നാട് ബോധിപ്പിച്ചു. 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ ദുര്‍ബലപ്പെടുത്താന്‍ വേണ്ടി വിധി വന്ന് ദിവസങ്ങള്‍ക്കകം തിരക്കിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണം ഭരണ ഘടനയ്ക്ക് എതിരാണ്. പാര്‍ലമെന്റിനോ അസംബ്ലിക്കോ ഇത്തരത്തില്‍ സുപ്രീം കോടതി വിധിയെ ദുര്‍ബലമാക്കാന്‍ അധികാരമില്ല എന്നും തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരായ മുന്‍ അറ്റോണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ. പരാശരന്‍ ഇന്നലെ (ബുധന്‍) സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഡല്‍ഹി : ഭൂകമ്പ ദുരന്തത്തിന് ഇരയായ ഹെയ്‌ത്തിക്ക് ഇന്ത്യ 5 മില്യണ്‍ ഡോളറിന്റെ ധന സഹായം നല്‍കുമെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. ഹെയ്‌ത്തിയിലെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒപ്പം ഇന്ത്യ നിലകൊള്ളുന്നു. ജനുവരി 12ന് നടന്ന ഭൂകമ്പം വിതച്ച നഷ്ടത്തിലും നാശത്തിലും ഇന്ത്യക്ക് അതീവ ദുഃഖം ഉണ്ടെന്ന് ഹെയ്‌ത്തി പ്രധാന മന്ത്രി ഷോണ്‍ മാക്സിന് എഴുതിയ എഴുത്തില്‍ മന്‍മോഹന്‍ സിംഗ് സൂചിപ്പിച്ചു. ഹെയ്‌ത്തിയിലെ ജനതയോടുള്ള ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇന്ത്യ ഉടനടി 5 മില്യണ്‍ ഡോളറിന്റെ സഹായ ധനം നല്‍കും എന്നും പ്രധാന മന്ത്രി അറിയിച്ചു.
























